സിമന്‍റ് വില വീണ്ടും കൂടാന്‍ പോകുന്നു: നിയന്ത്രണങ്ങള്‍ പാളുന്നു; പ്രതിസന്ധിയിലായി ഉപഭോക്താക്കള്‍
കഴിഞ്ഞ രണ്ട് മാസത്തിനിടെ സിമന്‍റിന്‍റെ വിലക്കയറ്റം ചാക്കൊന്നിന് 70 രൂപയായി. ബുധനാഴ്ച മുതല്‍ എല്ലാ കമ്പനികളുടെയും എ ഗ്രേഡ് സിമന്‍റിന് ചാക്കൊന്നിന് വില 403 രൂപയായി ഉയരും. 400 രൂപ സിമന്‍റിനും മൂന്ന് രൂപ ലാമിനേഷന്‍ ചാര്‍ജും ചേര്‍ത്താണ് 403 രൂപ.
തിരുവനന്തപുരം: സിമന്‍റ് വില ബുധനാഴ്ച മുതല്‍ 20 രൂപ കൂടാന്‍ പോകുന്നു. രാജ്യത്തെ സിമന്‍റ് നിര്‍മാണ കമ്പനി പ്രതിനിധികളുടെ യോഗമാണ് സിമന്‍റ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. എ ഗ്രേഡ് സിമന്‍റിനാണ് കമ്പനികള്‍ വില വര്‍ധിപ്പിച്ചത്. വില ഉയര്‍ത്താനുളള തീരുമാനം കഴിഞ്ഞ ദിവസം തന്നെ രാജ്യത്തെ എല്ലാ വിതരണക്കാരെയും കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ സിമന്‍റിന്‍റെ വിലക്കയറ്റം ചാക്കൊന്നിന് 70 രൂപയായി. ബുധനാഴ്ച മുതല്‍ എല്ലാ കമ്പനികളുടെയും എ ഗ്രേഡ് സിമന്‍റിന് ചാക്കൊന്നിന് വില 403 രൂപയായി ഉയരും. 400 രൂപ സിമന്‍റിനും മൂന്ന് രൂപ ലാമിനേഷന്‍ ചാര്‍ജും ചേര്‍ത്താണ് 403 രൂപ.
ബി ഗ്രേഡ് സിമന്‍റ് ചാക്കൊന്നിന് 395 രൂപയും സി ഗ്രേഡ് സിമന്‍റിന് 390 രൂപയും ആകും നിരക്ക്. നിലവില്‍ രാജ്യത്ത് സിമന്‍റിന് ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കാണ് സര്‍ക്കാര്‍ ഇടാക്കുന്നത്. മുന്‍പ് സിമന്‍റിന് ചാക്കൊന്നിന് 403 രൂപയായിരുന്നു നിരക്ക്. എന്നാല്‍, വിപണിയില്‍ മത്സരം കടത്തതോടെ വില്‍പ്പന ലക്ഷ്യം നേടിയെടുക്കാന്‍ പ്രയാസം നേരിട്ട വിദേശ കമ്പനികള്‍ വിലയില്‍ 50 രൂപയുടെ കുറവ് വരുത്തിയിരുന്നു. ഇതോടെ അന്ന് ഇന്ത്യന്‍ കമ്പനികളും വില കുറച്ചിരുന്നു.
ഡിസംബര്‍ അടിസ്ഥാനമാക്കിയാണ് വിദേശ സിമന്‍റ് കമ്പനികള്‍ വാര്‍ഷിക കണക്കെടുപ്പ് നടത്തുന്നത്. വില കുറച്ചതോടെ വാര്‍ഷിക വില്‍പ്പന ലക്ഷ്യം നേടിയെടുക്കാന്‍ മിക്ക വിദേശ കമ്പനികള്‍ക്കുമായി. വില കുറച്ച സമയത്ത് ഉണ്ടായ നഷ്ടം ഡീലര്‍മാര്‍ക്ക് ഭാവിയില്‍ നികത്തി നല്‍കാമെന്നാണ് മിക്ക ബഹുരാഷ്ട്ര കമ്പനികളും ഉറപ്പ് നല്‍കിയിരുന്നത്. വാര്‍ഷിക കണക്കെടുപ്പ് കഴിഞ്ഞതോടെ ഇത് നികത്തി നല്‍കാനാണ് ബഹുരാഷ്ട്ര സിമന്‍റ് കമ്പനികള്‍ വില ഉയര്‍ത്തിയത്.
ഇന്ത്യന്‍ കമ്പനികളുടെ വാര്‍ഷിക കണക്കെടുപ്പ് മാര്‍ച്ചിലാണ് നടക്കുന്നത്. നേരത്തെ ലോറി വാടക കൂട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ലോറി ഉടമകള്‍ പണിമുടക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും 20 രൂപ ചാക്കൊന്നിന് വില കൂട്ടാനുളള പ്രധാന കാരണമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ നിഗമനം. സിമന്‍റ് വില ഉയര്‍ത്താന്‍ എല്ലാ കമ്പനികളും കൂടിച്ചേര്‍ന്ന് എടുത്ത തീരുമാനം രാജ്യത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിന് തുല്യമാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. സിമന്‍റ് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ വിവിധ ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കതീതമായി സിമന്‍റ് വില വിപണിയില്‍ കുതിക്കുകയാണ്.