എന്താണ് റിസര്‍വ് ബാങ്ക് പറയുന്ന 'കാലിബറേറ്റഡ് ടൈറ്റനിംഗ്, ന്യൂട്രല്‍ സ്റ്റാറ്റസുകള്‍': സംഭവം ഇതാണ്
പണപ്പെരുപ്പം നേരത്തെ കണക്കാക്കിയതിന് സമാനമായി നിയന്ത്രണവിധേയമാണെന്നാണ് ന്യൂട്രല്‍ സ്റ്റാറ്റസ് പ്രഖ്യാപനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കുന്ന സൂചന.
മുംബൈ: ഇന്നലെ ദില്ലിയില്‍ സമാപിച്ച പണനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് മറ്റ് തീരുമാനങ്ങള്‍ക്കൊപ്പം ധനനയ കാഴ്ച്ചപാടിലും മാറ്റം വരുത്തി. നിലവില്‍ റിസര്‍വ് ബാങ്ക് നിലനിര്‍ത്തിയിരുന്ന കാലിബറേറ്റഡ് ടൈറ്റനിംഗ് എന്നതില്‍ നിന്ന് ന്യൂട്രലിലേക്കാണ് റിസര്‍വ് ബാങ്ക് കാഴ്ചപ്പാടില്‍ (സ്റ്റാറ്റസ്) മാറ്റം വരുത്തിയത്.
നിക്ഷേപങ്ങള്‍ക്ക് സുസ്ഥിര പലിശ നിരക്ക് ഉറപ്പ് നല്‍കുന്നതും അടുത്ത കാലത്തൊന്നും പലിശാ നിരക്കുകള്‍ ഉയര്‍ത്തില്ലെന്നും വ്യക്തമാക്കുന്ന സ്റ്റാറ്റസാണ് ന്യൂട്രല്‍ എന്നത് കൊണ്ട് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്. ന്യൂട്രല്‍ സ്റ്റാറ്റസ് പ്രഖ്യാപനം വിപണിയിലും സമ്പദ്ഘടനയിലും ഉണര്‍വ് കൊണ്ടുവരാന്‍ ഉപകരിക്കുന്ന കാഴ്ചപ്പാടാണ്. ബാങ്കുകള്‍ക്കും വായ്പകള്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ക്കും ഏറെ ഗുണകരവും ആത്മവിശ്വാസം പകരുന്നതുമാണ് ഈ ന്യൂട്രല്‍ സ്റ്റാറ്റസ്.
പണപ്പെരുപ്പം നേരത്തെ കണക്കാക്കിയതിന് സമാനമായി നിയന്ത്രണവിധേയമാണെന്നാണ് ന്യൂട്രല്‍ സ്റ്റാറ്റസ് പ്രഖ്യാപനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്‍കുന്ന സൂചന.
എന്നാല്‍, വായ്പയുടെ പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കാം എന്ന് ബാങ്കുകള്‍ക്കും വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതാണ് കാലിബറേറ്റഡ് ടൈറ്റനിംഗ്. ഈ സ്റ്റാറ്റസ് പലിശ നിരക്കുകളില്‍ വരാന്‍ സാധ്യതയുളള ചാഞ്ചാട്ടത്തെയാണ് സൂചിപ്പിക്കുന്നത്.