ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ വേണോ? കോടതി പറഞ്ഞത്
ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമല്ലെന്ന് വിധി ന്യായത്തിലൂടെ കോടതി വ്യക്തമാക്കി
ദില്ലി: ആധാര്‍ കാര്‍ഡ് സംബന്ധിച്ച ശ്രദ്ധേയ വിധി പുറത്ത് വന്നതോടെ രാജ്യം ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്നത് ആധാര്‍ കാര്‍ഡിന്‍റെ ബാങ്ക് അക്കൗണ്ട് ലിങ്കിങിനെപ്പറ്റിയാണ്. പ്രസ്തുത വിഷയത്തില്‍ ഇന്ന് ശ്രദ്ധേയ വിധിയാണ് സുപ്രീം കോടതി പുറത്ത് വിട്ടത്.
ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമല്ലെന്ന് വിധി ന്യായത്തിലൂടെ കോടതി വ്യക്തമാക്കിയത്. ഇതനുസരിച്ച് ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് എടുക്കാനും ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുന്നതിനും ആധാന്‍ നമ്പര്‍ ആവശ്യമില്ല.
ആധാര്‍ കാര്‍ഡില്ല എന്നതിന്‍റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും സുപ്രീം കോടതി വിധിന്യായത്തിലൂടെ വ്യക്തമാക്കി. അതേ സമയം പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാണ്. ആധാന്‍ നിയമത്തിലെ 33 (2) വകുപ്പ് എടുത്ത് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു. ആധാര്‍ വിവരങ്ങളുടെ ദുരുപയോഗം ചെയ്യപ്പെടാനുളള സാധ്യത ചൂണ്ടിക്കാട്ടിയാണ് 33 (2) എടുത്തുമാറ്റാന്‍ കോടതി ആവശ്യപ്പെട്ടത്.
സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ ആവശ്യപ്പെടാന്‍ അവകാശം നല്‍കുന്ന 57 മത് വകുപ്പ് എടുത്ത് മാറ്റണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ആധാര്‍ പോലെയുളള രേഖകള്‍ അത്യാവശ്യമാണെന്നും കോടതി വിലയിരുത്തി.