തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിന് മുകളിൽ, തൊഴിൽ വിപണിയിൽ സമ്മർദ്ദം ശക്തം: സിഎംഐഇ റിപ്പോർട്ട്

മാർച്ച് മാസത്തിൽ, കൊവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗം ഇന്ത്യയെ ബാധിക്കുന്നതിനുമുമ്പ്, നഗര തൊഴിലില്ലായ്മ 7.27 ശതമാനം ആയിരുന്നു.

Unemployment rate rises in august 2021

ദില്ലി: ദേശീയ തൊഴിലില്ലായ്മ നിരക്ക് ഓ​ഗസ്റ്റിൽ 1.37 ശതമാനം ഉയർന്ന് 8.32 ശതമാനത്തിലേക്ക് എത്തി. ജൂലൈയിൽ ഇത് 6.95 ശതമാനമായിരുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയാണ് (സിഎംഐഇ) ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 
 
നഗര തൊഴിലില്ലായ്മ ഓഗസ്റ്റിൽ 1.5 ശതമാനം ഉയർന്ന് 9.78 ശതമാനമായി. ജൂലൈയിൽ ഇത് 8.3 ശതമാനവും ജൂണിൽ 10.07 ശതമാനവും മെയ് മാസത്തിൽ 14.73 ശതമാനവും ഏപ്രിലിൽ 9.78 ശതമാനവുമായിരുന്നു.

മാർച്ച് മാസത്തിൽ, കൊവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗം ഇന്ത്യയെ ബാധിക്കുന്നതിനുമുമ്പ്, നഗര തൊഴിലില്ലായ്മ 7.27 ശതമാനം ആയിരുന്നു.

അതേസമയം, ഗ്രാമീണ തൊഴിലില്ലായ്മ ഓഗസ്റ്റിൽ 1.3 ശതമാനം ഉയർന്ന് 7.64 ശതമാനമായി. ജൂലൈയിൽ ഇത് 6.34 ശതമാനമായിരുന്നു. പ്രധാനമായും ഖരീഫ് സീസണിൽ വിതയ്ക്കൽ കുറവായിരുന്നതാണ് തൊഴിലില്ലായ്മ ഉയരാൻ കാരണം എന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ തൊഴിൽ രം​ഗത്ത് സമ്മർദ്ദം ശക്തമാണ്. കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങുകയാണെങ്കിലും, തൊഴിൽ വിപണി ഇപ്പോഴും പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തുടനീളം, ഹരിയാനയും രാജസ്ഥാനും അടക്കം എട്ട് സംസ്ഥാനങ്ങളെങ്കിലും ഇരട്ട അക്ക തൊഴിലില്ലായ്മാ നിരക്ക് പ്രകടിപ്പിക്കുന്നതായി സിഎംഐഇ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios