തദ്ദേശീയര്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം, മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടി പുതിയ നിയമം വരുന്നു
15 വര്‍ഷമായി മഹാരാഷ്ട്രയില്‍ സ്ഥിര താമസമാക്കിയവരെയാണ് സര്‍ക്കാര്‍ തദ്ദേശീയരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്.
മുംബൈ: സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മഹാരാഷ്ട്ര ഭരിക്കുന്ന മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നാണ് ഇത്തരത്തിലൊരു നീക്കം.
നേരത്തെ മഹാരാഷ്ട്രയില്‍ മുന്‍ സര്‍ക്കാരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല. എന്നാല്‍, ഇത്തരത്തിലൊരു നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്. തദ്ദേശീയര്‍ക്ക് സംവരണം നല്‍കിക്കൊണ്ട് നിയമം കൊണ്ടുവന്നാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന് നടപടിയെടുക്കാനാകും.
15 വര്‍ഷമായി മഹാരാഷ്ട്രയില്‍ സ്ഥിര താമസമാക്കിയവരെയാണ് സര്‍ക്കാര്‍ തദ്ദേശീയരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. പുതിയ നിയമം സര്‍ക്കാര്‍ പസാക്കിയാല്‍ മലയാളികളടക്കം നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇത് മറ്റ് സംസ്ഥാനങ്ങളുടെ സമ്പദ്‍വ്യവസ്ഥയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലിനായി എത്തുന്ന നഗരമാണ് മുംബൈ. ഗുജറാത്ത്, കേരളം, തമിഴ്നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ വലിയതോതിലാണ് തൊഴിലിനായി മുംബൈ നഗരത്തെ ആശ്രയിക്കുന്നുണ്ട്.
"ആന്ധ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമം അവിടെ നടപ്പാക്കിയിട്ടുണ്ട്. ആന്ധ്രയ്ക്ക് അത് കാരണം പ്രതിസന്ധികളൊന്നും ഉണ്ടായിട്ടില്ല. നിയമം കര്‍ശനമായി പാലിക്കാനുളള നിര്‍ദ്ദേശവും അവര്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഇത് നടപ്പാക്കുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പോകുന്നില്ല." മഹാരാഷ്ട്ര സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു.