പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ നടപടികൾ ഈ സാമ്പത്തിക വർഷം ഉണ്ടായേക്കില്ലെന്ന് സൂചന
ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ബാങ്കുകൾ.
നടപ്പ് സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്‌ബി) സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. പൊതുമേഖല ബാങ്കുകളുടെ കുറഞ്ഞ മൂല്യനിർണ്ണയ സാധ്യതയും കൊവിഡ് -19 പ്രതിസന്ധിക്കിടയിൽ സമ്മർദ്ദം ചെലുത്തുന്ന ആസ്തികളിൽ ഉണ്ടായ വർധനയുമാണ് ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന വസ്തുതകൾ.
നിലവിൽ, നാല് പൊതുമേഖലാ ബാങ്കുകൾ റിസർവ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) ചട്ടക്കൂടിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അവയ്ക്ക് വായ്പ, മാനേജ്മെന്റ് നഷ്ടപരിഹാരം, ഡയറക്ടർമാരുടെ ഫീസ് എന്നിവ ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങളാണ് ആർബിഐ ഏർപ്പെടുത്തിയിരിക്കുന്നത്.
അതിനാൽ, ഈ ബാങ്കുകളുടെ ഓഹരി വിൽപ്പനയെ സംബന്ധിച്ച് സർക്കാർ താൽപര്യം കാണിക്കാൻ സാധ്യതയില്ല. ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ബാങ്കുകൾ.
ഓഹരി വിൽപ്പനയ്ക്കായി പരിഗണിച്ചാലും, സ്വകാര്യ ബാങ്കിങ് രംഗത്ത് നിന്ന് ഈ ബാങ്കുകളിലേക്ക് ആവശ്യക്കാർ കുറവായിരിക്കുമെന്നാണ് പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്റ് വ്യക്തമാക്കുന്നത്.
മൂല്യനിർണയം വളരെ പ്രശ്നത്തിലായതിനാൽ കഴിഞ്ഞ നിരവധി വർഷങ്ങളായി ഏതെങ്കിലും പൊതുമേഖലാ ബാങ്കുകൾ ഓഹരി ദുർബലപ്പെടുത്തുന്നതിനായി പോയിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. ചില പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി 75 ശതമാനം പിന്നിട്ടിരിക്കുന്നു. നിയന്ത്രണ അനുപാതങ്ങൾക്ക് വളരെ മുകളിലാണിത്.
കൊവിഡ് -19 പകർച്ചവ്യാധി പൊതുമേഖല ബാങ്കുകളുടെ വീണ്ടെടുക്കൽ പ്രക്രിയയെ മാത്രമല്ല, സ്വകാര്യമേഖല ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിവിധ റേറ്റിംഗ് ഏജൻസികൾ നൽകുന്ന സൂചന. ഇതിനാൽ തന്നെ നടപ്പ് സാമ്പത്തിക വർഷം പൊതുമേഖല ബാങ്കുകളുടെ ഓഹരി വിൽപ്പനയ്ക്കോ സ്വകാര്യവത്കരണത്തിനോ കേന്ദ്ര സർക്കാർ തുനിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.