'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' - റേഷനെ 'പോർട്ടബിൾ' ആക്കുന്നതിലെ വെല്ലുവിളികൾ
ഈ പദ്ധതിയുടെ ഗുണം ഏറ്റവും അധികം ലഭിക്കാൻ പോകുന്നത് സ്വന്തം നാടുവിട്ട് മറ്റൊരു നാട്ടിൽ പോയി കുടികിടക്കേണ്ടി വരുന്ന 'അതിഥി' തൊഴിലാളികൾക്കാണ്.
ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' പദ്ധതി നടപ്പിലാക്കിയതാണ്. മാർച്ച് 2021 ആകുമ്പോഴേക്കും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ പദ്ധതിന് നടപ്പിൽ വരുത്തുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. ഈ പദ്ധതിയുടെ ഗുണം ഏറ്റവും അധികം ലഭിക്കാൻ പോകുന്നത് ഉപജീവനാർത്ഥം സ്വന്തം നാടുവിട്ട് മറ്റൊരു നാട്ടിൽ പോയി കുടികിടക്കേണ്ടി വരുന്ന 'അതിഥി' അഥവാ 'പ്രവാസി' കുടിയേറ്റ തൊഴിലാളികൾക്കാണ്. ഇത് നടപ്പിൽ വരുന്നതോടെ നാട്ടിലെ ഒരൊറ്റ പ്രവാസി തൊഴിലാളികൾക്കും കുടുംബത്തിനും രാജ്യത്തിലെ ഏതൊരു റേഷൻ ഷോപ്പ് വഴിയും സർക്കാരിന്റെ ഭക്ഷ്യവിതരണപദ്ധതികളുടെ ഗുണഫലങ്ങൾ സ്വീകരിക്കാനാകും എന്നാണ് നിർമല സീതാരാമന്റെ അവകാശവാദം.
എന്താണ് ഈ 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്'പദ്ധതി?
2013 -ലാണ് ഇന്ത്യയിൽ 'ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം' എന്ന സുപ്രധാനമായ ചട്ടം നിലവിൽ വരുന്നത്. അതോടെ ഈരദേശം 81 കോടി ജനങ്ങൾക്ക് റേഷൻ ഷോപ്പുകൾ വഴി ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള അർഹത ലഭിച്ചു. അരിക്ക് Rs 3/kg, ഗോതമ്പിന് Rs 2/kg, മറ്റുധാന്യങ്ങൾക്ക് Rs 1/kg എന്നിങ്ങനെയാണ് ന്യായവിലനിരക്കുകൾ. TPDS അഥവാ ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം എന്ന സംവിധാനത്തിലെ ആദായ വില ഷോപ്പുകൾ (ഫെയർ പ്രൈസ് ഷോപ്പ്-FPS) - പഴയ റേഷൻ ഷോപ്പുകൾ തന്നെ - വഴിയാണ് വിതരണം നടക്കുക. ഇതുവരെ 23 കോടി റേഷൻ കാർഡുകൾ വഴി ഏകദേശം 80 കോടി ജനങ്ങൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്.
എന്നാൽ ഇപ്പോഴത്തെ സംവിധാനത്തിൽ ഒരു കാർഡുടമക്ക് അയാൾ ജീവിക്കുന്ന പ്രദേശത്തെ FPS -ൽ നിന്ന് മാത്രമേ കേന്ദ്രം നൽകുന്ന റേഷൻ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറി ജീവിക്കുന്ന പ്രവാസി തൊഴിലാളിക്ക് നിലവിൽ അവിടത്തെ FPS -ൽ നിന്ന് റേഷൻ വാങ്ങാൻ സാധിക്കുന്ന സാഹചര്യമല്ല ഉള്ളത്. പ്രവാസി തൊഴിലാളികൾ നേരിടുന്ന മറ്റൊരു പ്രശ്നം, ചില കേസുകളിൽ കുടുംബത്തിലെ പുരുഷന്മാർ മറ്റൊരു സംസ്ഥാനത്തും ബാക്കി അംഗങ്ങൾ സ്വന്തം സംസ്ഥാനത്തും ആവും. ആ അവസരത്തിൽ ആ കുടുംബത്തിനുള്ള റേഷൻ രണ്ടിടത്തു നിന്നായി പകുത്തുവാങ്ങാനും നിലവിൽ സൗകര്യമില്ല. ഈ അവസ്ഥയെല്ലാം പുതിയ സംവിധാനം വരുന്നതോടെ മാറാൻ പോവുകയാണ്.
ഒരു ഉദാഹരണമെടുത്താൽ എളുപ്പം മനസിലാകും. ഉത്തർ പ്രദേശിലെ ലഖ്‌നൗ ജില്ലയിൽ താമസിക്കുന്ന ഒരാൾ മുംബൈയിലേക്ക് ജോലി തേടി കുടിയേറിപ്പാർത്തു എന്ന് കരുതുക. നിലവിൽ അവർക്ക് കുടുംബത്തിലേക്കുള്ള റേഷൻ മുംബൈയിലെ റേഷൻ ഷോപ്പിൽ (FPS) നിന്ന് വാങ്ങാനുള്ള സംവിധാനമില്ല. എന്നാൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പുതിയ 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' പദ്ധതി വഴി ഇതിനുള്ള സാദ്ധ്യതകൾ തുറന്നു കിട്ടുകയായി.
നടപ്പിലാകുന്നത് റേഷൻ കാർഡ് പോർട്ടബിലിറ്റി
രണ്ടുതരം പോർട്ടബിലിറ്റി റേഷൻ കാർഡുകൾക്ക് നൽകാൻ ഉദ്ദേശ്യമുണ്ട്. ഒന്ന്, സംസ്ഥാനത്തിന് അകത്തുള്ള പോർട്ടബിലിറ്റി - ഇൻട്രാ സ്റ്റേറ്റ് പോർട്ടബിലിറ്റി - അഥവാ, സംസ്ഥാനത്തിന്റെ ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് കുടിയേറിപ്പാർത്താൽ അവിടത്തെ റേഷൻ ഷോപ്പിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ സാധിക്കുന്ന അവസ്ഥ. രണ്ട്, സംസ്ഥാനങ്ങൾ തമ്മിലുള്ള പോർട്ടബിലിറ്റി - ഇന്റർ സ്റ്റേറ്റ് പോർട്ടബിലിറ്റി - അഥവാ രാജ്യത്തിൻറെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് കുടിയേറിപ്പാർത്താൽ അവിടത്തെ റേഷൻ ഷോപ്പിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ സാധിക്കുന്ന അവസ്ഥ. ഇത് രണ്ടും തന്നെ പുതിയ സംവിധാനം സാക്ഷാത്കരിക്കും എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്.
ഈ വിപ്ലവത്തിന് വേണ്ട സാങ്കേതിക സഹായം നൽകുന്നത് രണ്ടു വെബ് പോർട്ടലുകൾ വഴിയാണ്. ഇന്റർസ്റ്റേറ്റ് വിതരണത്തിന്, ഇന്റഗ്രേറ്റഡ് മാനേജ്‌മന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബൂഷൻ പോർട്ടൽ(IM-PDS) - http://www.impds.nic.in/ , ഇൻട്രാ സ്റ്റേറ്റ് -അഥവാ സംസ്ഥാനത്തിന് അകത്തുള്ള വിതരണത്തിന് - അന്നവിതരൺ പോർട്ടൽ - http://www.annavitran.nic.in എന്നിവയാണ് അവ. ഓരോ റേഷൻ ഷോപ്പിലും സ്ഥാപിക്കുന്ന E-PoS അഥവാ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ ഉപകരണം വഴിയാണ് ഈ സംവിധാനം റേഷൻ കാർഡ് ഉടമകളുടെ ഡാറ്റ നിയന്ത്രിക്കാൻ പോകുന്നത്.
പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത് എന്നുമുതൽ?
രണ്ടു വർഷം മുമ്പ്, ഏപ്രിൽ 2018 -ലാണ് കേന്ദ്രം ഇന്റഗ്രേറ്റഡ് മാനേജ്‌മന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബൂഷൻ പോർട്ടൽ(IM-PDS) എന്ന പദ്ധതി തുടങ്ങുന്നത്. തുടക്കത്തിൽ സാങ്കേതിക പരിമിതികൾ ഈ പദ്ധതിയെ വല്ലാതെ അലട്ടിയിരുന്നു. ബാലാരിഷ്ടതകൾ പരിഹരിച്ച് കുറ്റമറ്റ ഒരു സംവിധാനം നടപ്പിൽ വരുത്താനുള്ള അണിയറ ശ്രമങ്ങൾ തകൃതിയായി പുരോഗമിക്കുക തന്നെയായിരുന്നു കഴിഞ്ഞ രണ്ടുകൊല്ലമായി. ഏറ്റവും ഒടുവിലായി ആധാർ കാർഡ് ഡാറ്റ ഉപയോഗിച്ച് റേഷൻ ഉപഭോക്താക്കളെ തിരിച്ചറിയാൻ തീരുമാനം വന്നു. അതിനായി റേഷൻ കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കപ്പെട്ടു. ഒപ്പം തന്നെ രാജ്യവ്യാപകമായി റേഷൻ ഷോപ്പുകളിൽ E-PoS അഥവാ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ യന്ത്രങ്ങൾ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു. ഈ പ്രക്രിയ 100 ശതമാനം പൂർത്തീകരിക്കപ്പെടുന്നതോടെ 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' എന്ന ധനമന്ത്രിയുടെ സ്വപ്നം യാഥാർഥ്യമായി എന്ന് ഉറപ്പിക്കാം.
2020 ജൂൺ ഒന്നാം തീയതിയോടെ ഈ പദ്ധതി ലോഞ്ച് ചെയ്യാം എന്നായിരുന്നു ആദ്യത്തെ പ്ലാൻ. എന്നാൽ, ഇതുവരെ ആന്ധ്രപ്രദേശ്, ഗോവ, ഹരിയാന, ജാർഖണ്ഡ്, ഗുജറാത്ത്, കേരളം, കർണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, ത്രിപുര, ഉത്തർ പ്രദേശ്, ബിഹാർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ദാദ്ര നഗർ & ഹവേലി, ദാമൻ & ഡിയു എന്നിങ്ങനെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാത്രമാണ് പദ്ധതിക്ക് സജ്ജമായിട്ടുള്ളത്. ജൂൺ ഒന്നാം തീയതിയോടെ ഒറീസ, മിസോറം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ കൂടി ആ പട്ടികയിലേക്ക് എത്തും. അതോടെ 20 ഇടങ്ങളിൽ പദ്ധതി സജ്ജമാകും. ബാക്കിയുള്ള സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടി പദ്ധതിക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനുള്ള കാലതാമസമാണ് ഇനിയുള്ളത്.
ഇതുവരെ സംസ്ഥാനാന്തര റേഷൻ പോർട്ടബിലിറ്റി സൗകര്യങ്ങൾ (ഇന്റർ സ്റ്റേറ്റ് - IM-PDS ) സൗകര്യങ്ങൾ വിനിയോഗിച്ച് വെറും 275 വാങ്ങലുകൾ മാത്രമാണ് നടന്നിട്ടുള്ളത്. എന്നാൽ, അന്നവിതരൺ സംവിധാനം പ്രയോജനപ്പെടുത്തി ഒരു കോടിയിലധികം വാങ്ങലുകൾ നടന്നതായി കാണുന്നു. അതിന്റെ അർത്ഥം ജില്ലകൾക്കിടയിലെ പോർട്ടബിലിറ്റി സൗകര്യം ജനങ്ങൾ സംസ്ഥാനാന്തര പോർട്ടബിലിറ്റിയേക്കാൾ കൂടുതലായി ആശ്രയിക്കുന്നുണ്ട് എന്നാണ്.
ഈ വിപ്ലവകരമായ മാറ്റത്തിന്റെ പൂർണമായ സാദ്ധ്യതകൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള എല്ലാ റേഷൻ ഷോപ്പുകളിലും E-PoS അഥവാ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ യന്ത്രങ്ങൾ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതോടെ മാത്രമേ ഉപയോഗയോഗ്യമാകൂ. വൈദ്യുതീകരണം പോലും ചെന്നെത്തിയിട്ടില്ലാത്ത വിദൂരസ്ഥമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഈ സാങ്കേതികവിദ്യകളോട് വേണ്ടത്ര പരിചയമില്ലാത്ത ഗ്രാമീണർ എങ്ങനെ പ്രതികരിക്കും എന്നത് സംബന്ധിച്ച പ്രായോഗിക വെല്ലുവിളികളും ആ ഘട്ടത്തിൽ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. എന്തായാലും, ഇന്ത്യയിലെ പൊതുവിതരണ സംവിധാനത്തെ പാടെ അഴിച്ചു പണിയുന്ന ഒരു വിപ്ലവകരമായ പരിഷ്കരമാണ് 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്'പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.