ബാങ്കുകളുടെ ധന പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി ആർബിഐ: വായ്പാ പരിധി ഉയർത്തി
2020 മാർച്ച് 27 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ തീരുമാനം. താൽക്കാലിക അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്.
മുംബൈ: കൊറോണ വൈറസ് പകർച്ചവ്യാധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, ബാങ്കുകളുടെ പണലഭ്യത കുറവുകൾ പരിഹരിക്കുന്നതിനായി വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഇളവുകൾ സെപ്റ്റംബർ 30 വരെ നീട്ടാൻ റിസർവ് ബാങ്ക് തീരുമാനിച്ചു.
മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്‌എഫ്) സ്കീമിന് കീഴിലുള്ള ഷെഡ്യൂൾഡ് ബാങ്കുകളുടെ വായ്പയെടുക്കൽ പരിധി നെറ്റ് ഡിമാൻഡ് ആൻഡ് ടൈം ബാധ്യതകളുടെ (എൻഡിടിഎൽ) രണ്ട് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി ഉയർത്തി. 2020 മാർച്ച് 27 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ തീരുമാനം. താൽക്കാലിക അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്.
എംഎസ്‌എഫിന് കീഴിൽ, ബാങ്കുകൾക്ക് അവരുടെ വിവേചനാധികാരത്തിൽ സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയുടെ (എസ്‌എൽആർ) അടിസ്ഥാനത്തിൽ പണം കടം വാങ്ങാം. 2020 ജൂൺ 30 വരെ അനുവദിച്ചിരുന്ന ഈ ഇളവ് ഇപ്പോൾ സെപ്റ്റംബർ 30 വരെ നീട്ടി.
"വർധിപ്പിച്ച വായ്പ പരിധിയുടെ അടിസ്ഥാന തീയതി 2020 സെപ്റ്റംബർ 30 വരെ നീട്ടാൻ തീരുമാനിച്ചു,” റിസർവ് ബാങ്ക് (ആർബിഐ) സർക്കുലറിൽ പറഞ്ഞു.