ടാസ്ക് ഫോഴ്സ് പ്രവർത്തനങ്ങൾ തുടങ്ങി, നടപടികളും ഇളവുകളും അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും
പ്രധാനമന്ത്രി പ്രഖ്യാപിച്ച കോവിഡ് -19 ഇക്കണോമിക് റെസ്പോൺസ് ടാസ്ക് ഫോഴ്സ് ഈ നടപടികൾക്ക് അവസാന രൂപം നൽകും.
ദില്ലി: കൊറോണ വൈറസ് ബാധ മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി നരേന്ദ്ര മോദി സർക്കാർ വ്യവസായ മേഖലയ്ക്കായി പാക്കേജ് തയ്യാറാക്കുന്നു. ബാങ്കുകൾ ആസ്തി-വർഗ്ഗീകരണ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തും. അതിനാൽ വായ്പകൾ തിരിച്ചടയ്ക്കാൻ കമ്പനികൾക്ക് കൂടുതൽ സമയം ലഭിക്കും.
കൂടാതെ ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കൂടുതൽ പ്രതിസന്ധി ബാധിച്ച വ്യവസായ മേഖലകളിൽ നികുതി അവധിദിനങ്ങൾ ഉൾപ്പടെ പാക്കേജിന്റെ ഭാഗമാകുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച കോവിഡ് -19 ഇക്കണോമിക് റെസ്പോൺസ് ടാസ്ക് ഫോഴ്സ് ഈ നടപടികൾക്ക് അവസാന രൂപം നൽകും. വ്യവസായ മേഖലാകൾക്കായുളള നിർദ്ദിഷ്ട നടപടികൾ അടുത്ത ആഴ്ചകളിൽ ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വിവിധ മന്ത്രാലയങ്ങൾക്കിടയിലും റിസർവ് ബാങ്ക് പോലുള്ള റെഗുലേറ്റർമാരുമായും ഒന്നിലധികം ഘട്ടങ്ങളിൽ ചർച്ചകൾ നടന്നിട്ടുണ്ട്. മേഖലാ മന്ത്രാലയങ്ങൾ അവരുടെ നിർദ്ദേശങ്ങൾ നൽകുന്നു, ”ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. അന്തിമ റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.