ദേശീയ ലോക്ക്ഡൗൺ: മദ്യ വിൽപ്പന നടക്കാതിരുന്നതിനാൽ കേന്ദ്രത്തിന് നഷ്ടം 27,000 കോടി !
കർണാടകയ്ക്ക് ലോക്ക്ഡൗൺ മൂലം മദ്യ വിൽപ്പന നിർത്തേണ്ടി വന്നതിലൂടെ 2050 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ദില്ലി: കൊറോണ വൈറസ് ബാധയെ തുടർന്നുളള ലോക്ക്ഡൗൺ മൂലം കേന്ദ്ര സർക്കാരിന് മദ്യ വരുമാനത്തിൽ വൻ ഇടിവ്. ഒരു മാസത്തിലേറെയായി മദ്യ വിൽപ്പന മുടങ്ങിയപ്പോൾ നികുതി വരുമാനത്തിൽ കേന്ദ്ര സർക്കാരിന് 27,000 കോടി രൂപയുടെ കുറവുണ്ടായെന്നാണ് കണക്ക്. സംസ്ഥാനങ്ങളുടെ കണക്ക് ഇതിന് പുറമേയാണ്.
ഇതോടെയാണ് മദ്യ വിൽപ്പന ആരംഭിക്കാൻ സംസ്ഥാനങ്ങളടക്കം കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ദില്ലി, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഗോവ, അസം എന്നീ സംസ്ഥാനങ്ങൾ കേന്ദ്രം നിർദേശിച്ച ഇളവ് പ്രയോജനപ്പെടുത്തി ഇന്നുമുതൽ മദ്യവിൽപ്പന അനുവദിച്ചിട്ടുണ്ട്.
കർണാടകയ്ക്ക് ലോക്ക്ഡൗൺ മൂലം മദ്യ വിൽപ്പന നിർത്തേണ്ടി വന്നതിലൂടെ 2050 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ദില്ലിക്ക് ഇത് 500 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.
എക്സൈസ് നികുതി ഇനത്തിൽ കഴിഞ്ഞ വർഷം കേന്ദ്രത്തിന് ലഭിച്ചത് 2.48 ലക്ഷം കോടി രൂപയാണെന്നു മദ്യക്കമ്പനികളുടെ കൂട്ടായ്മയായ ഇന്റർനാഷനൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎസ്ഡബ്യുഎഐ) പറയുന്നത്. 2018 ൽ മദ്യ വിൽപ്പനയിലൂടെ കേന്ദ്ര സർക്കാർ 2.17 ലക്ഷം കോടിയും 2017 ൽ 1.99 ലക്ഷം കോടി രൂപയും വരുമാനമായി നേടി.