കൊവിഡ് 19: ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍ സഹായം
ഇന്ത്യക്കാണ് ഏറ്റവും വലിയ സഹായത്തിന് അനുമതി ലഭിച്ചത്. രോഗ നിര്‍ണയം, പരിശോധന, ഐസൊലേഷന്‍, ലാബോറട്ടറി, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള എന്നിവ ഒരുക്കാനാണ് സഹായം നല്‍കിയതെന്ന് ലോകബാങ്ക് അധികൃതര്‍ അറിയിച്ചു.
വാഷിംഗ്ടണ്‍: കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ (7500 കോടി രൂപ) അടിയന്തര സാമ്പത്തിക സഹായം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്കുള്ള സാമ്പത്തിക സഹായത്തിന് ലോകബാങ്ക് അനുമതി നല്‍കിയത്. ലോകരാജ്യങ്ങള്‍ക്കുള്ള 1.9 ബില്ല്യണ്‍ ഡോളറിന്റെ ആദ്യഘട്ട സാമ്പത്തിക സഹായമാണ് ലോകബാങ്ക് തുടങ്ങിയത്. 25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഇന്ത്യക്കാണ് ഏറ്റവും വലിയ സഹായത്തിന് അനുമതി ലഭിച്ചത്. രോഗ നിര്‍ണയം, പരിശോധന, ഐസൊലേഷന്‍, ലാബോറട്ടറി, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള എന്നിവ ഒരുക്കാനാണ് സഹായം നല്‍കിയതെന്ന് ലോകബാങ്ക് അധികൃതര്‍ അറിയിച്ചു. പാകിസ്ഥാന് 20 കോടി രണ്ട് കോടി ഡോളര്‍, അഫ്ഗാന് 10 കോടി ഡോളര്‍, ശ്രീലങ്ക 12.8 കോടി ഡോളര്‍, മാല്‍ഡിവ്‌സ് 7 കോടി ഡോളര്‍ എന്നിങ്ങനെയും സാമ്പത്തിക സഹായം നല്‍കി.
വരുന്ന 15 ദിവസങ്ങളില്‍ 160 ബില്ല്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്നും ലോകബാങ്ക് അറിയിച്ചു. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാനാണ് ലോകബാങ്ക് അടുത്ത ഘട്ടത്തില്‍ സഹായിക്കുക. വികസ്വര രാജ്യങ്ങളില്‍ കൊവിഡിനെ നേരിടാനും സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുമാണ് സഹായം നല്‍കുന്നതെന്നും മറ്റ് ഏജന്‍സികളോട് സഹായം നല്‍കാന്‍ പ്രേരിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.