കൊവിഡ് 19: വരാനിരിക്കുന്നത് സാമ്പത്തിക സുനാമി, ഭീമമായ തൊഴില്‍ നഷ്ടം; മുന്നറിയിപ്പുമായി മൂഡീസ്
വരും ദിവസങ്ങളില്‍ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും. ബിസിനസ് രംഗം താഴേക്ക് പോകും. നിക്ഷേപം കുറയും. വരുന്ന ആഴ്ചകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കും.
ന്യൂയോര്‍ക്ക്: ലോകവ്യാപകമായി കൊവിഡ് 19 പടര്‍ന്നത് സാമ്പത്തിക രംഗത്ത് വന്‍ ആഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് അനലറ്റിക്‌സ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം അടച്ചിട്ട സാഹചര്യത്തിലാണ് ലോക സാമ്പത്തിക രംഗം മന്ദഗതിയിലാകുക. സാമ്പത്തിക സുനാമി(എക്കണോമിക് സുനാമി) എന്നാണ് സാഹചര്യത്തെ വിശേഷിപ്പിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളും അമേരിക്കയും വൈറസ് വ്യാപനം കാരണം പൂര്‍ണമായി ലോക്ക്ഡൗണ്‍ അവസ്ഥയയിലാണ്.
"വരും ദിവസങ്ങളില്‍ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും. ബിസിനസ് രംഗം താഴേക്ക് പോകും. നിക്ഷേപവും കുറയും. വരുന്ന ആഴ്ചകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കും. ശമ്പളവ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരെയായിരിക്കും തൊഴില്‍ നഷ്ടം വലിയ രീതിയില്‍ ബാധിക്കുക"-. മൂഡീസ് അനലറ്റിക്‌സിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ മാര്‍ക്ക് സാന്‍ഡ് പറഞ്ഞു.
2020ല്‍ ആഗോള മൊത്ത ഉല്‍പാദനം 2.6 ശതമാനം വര്‍ധിക്കുമെന്നായിരുന്നു മൂഡീസിന്റെ പ്രവചനം. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ താഴിട്ടതോടെ 0.4 ശതമാനം കുറയുമെന്നും മൂഡീസ് നിരീക്ഷിച്ചു.
ആദ്യപാദത്തിലെ തകര്‍ച്ചക്ക് ശേഷം ചൈനീസ് എക്കോണമി തിരിച്ചുവരവിന്റെ പാതയിലാണ്. അമേരിക്കയിലായിരിക്കും ഏറ്റവും കൂടുതല്‍ ആഘാതമുണ്ടാകുകയെന്നും മൂഡീസ് നിരീക്ഷിച്ചു. സാമ്പത്തിക രംഗത്തെ ക്ഷീണം മറികടക്കാന്‍ യുഎസ് സര്‍ക്കാര്‍ 1.65 ട്രില്ല്യണ്‍ ഡോളറെങ്കിലും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കൊവിഡ് 19 എന്ന ലോകമഹാമാരി സാമ്പത്തിക രംഗത്തേല്‍പ്പിച്ച ആഘാതം വളരെ വലിയതാണെന്നും 1930ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാന രീതിയിലേക്ക് എത്താതിരിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മൂഡീസ് വ്യക്തമാക്കി.