ലോക്ക് ഡൗൺ; ഇന്ത്യൻ വിപണിക്ക് ദിവസം 40,000 കോടി നഷ്ടപ്പെടുമെന്ന് കെയർ റേറ്റിങ്സ്
ഇതോടെ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വളർച്ചാ നിരക്ക് നെഗറ്റീവാകില്ലെങ്കിലും ഇപ്പോഴത്തേതിലും താഴേക്ക് പോകുമെന്നാണ് കണക്കുകൂട്ടൽ.
മുംബൈ: രാജ്യമൊട്ടാകെ 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ 80 ശതമാനം ഉൽപ്പാദനം കുറച്ചാൽ വലിയ തിരിച്ചടി വിപണിയിൽ നിന്ന് നേരിടുമെന്ന് കെയർ റേറ്റിങ്സ്. ദിവസം 35,000 മുതൽ 40,000 വരെ നഷ്ടമുണ്ടാകും. ലോക്ക് ഡൗൺ തീരുമ്പോഴേക്കും 7.2 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിടുമെന്നും കെയർ റേറ്റിങ്സ് പറയുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഡിപി 140-150 ലക്ഷം കോടിയായിരിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിശകലനം. കുറഞ്ഞത്, 300 പ്രവർത്തി ദിവസങ്ങൾ കണക്കുകൂട്ടിയാൽ പ്രതിദിന ഉൽപ്പാദനം 45000 മുതൽ 50000 കോടി വരെയാകും.
ഇതോടെ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വളർച്ചാ നിരക്ക് നെഗറ്റീവാകില്ലെങ്കിലും ഇപ്പോഴത്തേതിലും താഴേക്ക് പോകുമെന്നാണ് കണക്കുകൂട്ടൽ. 1.5 ശതമാനം മുതൽ 2.5 ശതമാനം വരെയാകും നാലാം പാദത്തിലെ വളർച്ച.
രാജ്യത്ത് 80 ശതമാനം ഉൽപ്പാദനം കുറയുകയും 20 ശതമാനം ഉൽപ്പാദനം ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ പ്രതിദിന ഉൽപ്പാദനത്തിൽ 35000 മുതൽ 40000 വരെ കുറവുണ്ടാകും.