ജീവനക്കാർക്ക് യഥാസമയത്ത് ശമ്പളം നൽകണമെന്ന് കേന്ദ്ര സർക്കാർ; 'വർക്ക് ഫ്രം ഹോം' പ്രോത്സാഹിപ്പിക്കാൻ നിർദ്ദേശം

എല്ലാ വ്യാവസായിക, കോർപ്പറേറ്റ് ഓഫീസുകളിലും പരമാവധി ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കണമെന്നും ഡിപിഐഐടി വ്യക്തമാക്കിയിട്ടുണ്ട്. 

central govt. asks Industry To Pay Salary On Time

ദില്ലി: ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകണമെന്നും തൊഴിലാളികൾക്ക് സാമ്പത്തിക ദുരിതങ്ങൾ ഉണ്ടാകാതെ നോക്കുന്നത് സംബന്ധിച്ചും അതത് കോർപ്പറേറ്റ് അംഗങ്ങൾക്ക് ഉപദേശങ്ങൾ നൽകണമെന്ന് കേന്ദ്ര സർക്കാർ വ്യവസായ ചേംബറുകളോട് ആവശ്യപ്പെട്ടു.

മൂന്ന് പ്രധാന വ്യവസായ ചേംബറുകൾക്കും സിഇഒമാർക്കും ഡിഎംഐസി, ഇൻവെസ്റ്റ് ഇന്ത്യയുടെ എംഡിമാർക്കും അയച്ച ഓഫീസ് മെമ്മോറാണ്ടത്തിൽ, വ്യവസായ -ആഭ്യന്തര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് (ഡിപിഐഐടി) വ്യക്തമാക്കി. കൊവിഡ് -19 പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നിർദ്ദേശം വകുപ്പ് പുറപ്പെടുവിച്ചത്. എംഎസ്എംഇകൾ കരാർ തൊഴിലാളികൾക്ക് നിരന്തരം വേതനം നൽകുന്നത് ഉറപ്പാക്കുകയും അവരുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കുകയും ചെയ്യണമെന്നുമാണ് നിർദ്ദേശം. 

COVID-19 പടർന്നുപിടിക്കുന്നത് മൂലമുണ്ടായ ആരോഗ്യ അടിയന്തിരാവസ്ഥയുടെ സാഹചര്യത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ വലിയ തടസ്സമുണ്ടാക്കില്ലെന്നാണ് കണക്കാക്കുന്നതെങ്കിലും വ്യവസായ മേഖലയിൽ ആശങ്ക ശക്തമാണ്. 

എല്ലാ വ്യാവസായിക, കോർപ്പറേറ്റ് ഓഫീസുകളിലും പരമാവധി ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കണമെന്നും ഡിപിഐഐടി വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ രീതിയിലേക്ക് രാജ്യം നീങ്ങിയതോടെ പാലിക്കേണ്ട ജാഗ്രതയെന്ന നിലയ്ക്ക് ധാരാളം ആളുകൾ ജോലി ചെയ്യുന്നിടങ്ങളെല്ലാം ശുചിത്വവൽക്കരിക്കേണമെന്നും നിർദ്ദേശമുണ്ട്. 

സാനിറ്റൈസറുകളുടെ ഉപയോഗം ഉറപ്പാക്കണം, പ്രവേശന സ്ഥലത്തും പുറത്തേക്കുളള ഭാ​ഗങ്ങളിലും ജോലിസ്ഥലങ്ങളുടെയും ഫാക്ടറികളുടെയും പ്രസക്തമായ മറ്റ് സ്ഥലങ്ങളിലും ഇത് നൽകണം. കൂടാതെ, പ്രവേശിക്കുന്ന സമയത്ത് ഓരോ തൊഴിലാളിയുടെയും താപനില നിരീക്ഷിക്കേണ്ടതുണ്ട്. ജീവനക്കാർക്ക് ഉപയോഗിക്കുന്നതിന് ഹാൻഡ് സാനിറ്റൈസറുകളും മാസ്കുകളും ന്യായമായ അളവിൽ സൂക്ഷിക്കുന്നതിന് എല്ലാ വ്യവസായങ്ങൾക്കും ഉപദേശങ്ങൾ നൽകണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു. 

പൊതുജനാരോഗ്യ സംവിധാനത്തിനുള്ള പിന്തുണയുടെ അടിസ്ഥാനത്തിൽ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി‌എസ്‌ആർ) പ്രവർത്തനം വർദ്ധിപ്പിക്കാനും കോർപ്പറേറ്റ് സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios