ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയ കാറിന് സംഭവിച്ചത്, വിഡിയോ വൈറലാകുന്നു
ഹൂസ്റ്റണ്‍: പാർക്കിങ് കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് കാർ നാടകീയമായി താഴേക്ക് വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാർ വന്നുപതിച്ചതാകട്ടെ മറ്റൊരു കാറിനോട് ചേർന്നായിരുന്നു. കാർ മുകളിൽ നിന്ന് നിലംപതിക്കുന്നതിൻ്റെയും തലനാരിഴക്ക് മറ്റൊരു കാറും അതിലെ യാത്രക്കാരനും രക്ഷപ്പെടുന്നതാണ് പാർക്കിങ് കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ കാമറയിൽ പതിഞ്ഞത്. അമേരിക്കയിലെ ടെക്സാസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ മാസം ആയിരുന്നു സംഭവം.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തുവിട്ടത്. ബി.എം.ഡബ്ല്യു കാറാണ് അപകടം വിതച്ചത്. കാറോടിച്ച സ്ത്രീ ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടം വരുത്തിയത് എന്നാണ് കരുതുന്നത്. പാർക്കിങ് ബാരിക്കേഡുകൾ തകർത്ത കാർ ഏഴാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. താഴെ നിന്ന് നീങ്ങുകയായിരുന്ന എസ്.യു.വി കാറിന് നേരിയ പോറലുകളോടെയാണ് രക്ഷപ്പെട്ടത്.
കാറിൻ്റെ ഗ്ലാസ് താഴ്ത്തിയതിനാൽ അസാധാരണമായ ഉഗ്രശബ്ദം കേട്ടുവെന്നാണ് എസ്.യു.വി കാർ ഒാടിച്ചയാൾ പറയുന്നത്. ഉടൻ തന്നെ കാർ സ്റ്റാർട്ട് ചെയ്ത് അൽപ്പം മുന്നോട്ടെടുത്തു. തൻ്റെ കാറിനോട് ചേർന്നാണ് മുകളിൽ നിന്ന് കാർ വന്നുപതിച്ചതെന്നും ഇയാൾ പറഞ്ഞു. അപകടത്തിൽ പെട്ട കാർ ഒാടിച്ച സ്ത്രീയെ നേരിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.