വംശവെറി പുതിയതല്ല; മറന്നുപോവേണ്ടതല്ല ക്രൂരമായി കൊന്നുകളഞ്ഞ ആ പതിനാലുകാരനെ

ഒരു ചെറിയ മുറിയിൽ, അച്ഛനും അമ്മയുമില്ലാതെ ഒറ്റയ്ക്ക് അവൻ ചോദ്യം ചെയ്യപ്പെട്ടു. പെൺകുട്ടികളെ കൊന്നത് അവനാണ് എന്ന് ഭയപ്പെടുത്തി അവനെ കൊണ്ട് പൊലീസുകാർ സമ്മതിപ്പിച്ചു.

The youngest black boy put to death

വംശവെറിയുടെ ഒടുവിലത്തെ ഇരയായ ആഫ്രിക്കൻ അമേരിക്കൻ പൗരൻ ജോർജ് ഫ്ലോയ്‌ഡിന്റെ ദാരുണമായ മരണം അമേരിക്കയെ കടുത്ത അശാന്തിയിലേയ്ക്ക് തള്ളിവിട്ടിരികയാണ്. ഓരോ തെരുവും, ഓരോ കവലകളും ഇപ്പോൾ പ്രതിഷേധത്തിൽ ആളിക്കത്തുകയാണ്. എന്നാൽ ഇത് അമേരിക്കയിൽ ആദ്യത്തെ സംഭവമല്ല. അമേരിക്കയുടെ മണ്ണിൽ വംശഹത്യയുടെ നീണ്ട ചരിത്രമുറങ്ങുന്നു. അതിൽ ഇന്നും മറക്കാൻ കഴിയാത്ത, മനസ്സാക്ഷിയെ ഞെട്ടിക്കുന്ന മരണമാണ് 14 വയസ്സുകാരനായ ജോർജ്ജ് സ്റ്റിന്നി ജൂനിയറിന്‍റേത്. ആഫ്രിക്കൻ വംശജനായ ജോർജ്ജ്, ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ആരുടേയും കണ്ണുകളെ നനയിപ്പിക്കുന്നതാണ് അവന്റെ കഥ.

1944 മാർച്ചിലെ ഒരു സായാഹ്നത്തിലാണ് അവന്റെ ജീവിതം എറിഞ്ഞുടക്കപ്പെട്ടത്. ജിം ക്രോ സൗത്തിൽ തന്റെ കുടിലിന് മുന്നിൽ കൊച്ചനുജത്തിയുമായി കളിച്ചുകൊണ്ടിരിക്കയായിരുന്നു ജോർജ്ജ്. അപ്പോഴാണ് ബൂട്ടും യൂണിഫോമും ധരിച്ച് കൈയിൽ തോക്കുമായി പൊലീസുകാർ അവിടെ എത്തിയത്. അവന്റെ മാതാപിതാക്കൾ പുറത്തുപോയിരിക്കുന്ന സമയമായിരുന്നു അത്. പൊലീസുകാരെ കണ്ടപാടെ അനുജത്തി പുറകിലുള്ള കോഴിക്കൂടിന്റെ മറവിൽ പേടിച്ച് ഒളിച്ചിരുന്നു. എന്നാൽ ജോർജ്ജിന് രക്ഷപ്പെടാനായില്ല. പൊലീസുകാർ അവനെ വിലങ്ങണിയിച്ച് കൊണ്ടുപോയി. എവിടേക്കാണെന്നും, എന്തിനാണെന്നും അറിയാതെ അവൻ കണ്ണീരിൽ കുതിർന്ന ശബ്‌ദത്തിൽ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.  

വെള്ളക്കാരായ രണ്ട് പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തി എന്നാരോപിച്ചായിരുന്നു അവനെ പൊലീസ് അറസ്റ്റ് ചെയ്‍തത്. തലേദിവസം വൈകുന്നേരം 11 വയസ്സുകാരിയായ ബെറ്റി ജൂൺ ബിന്നിക്കറും, ഏഴ് വയസ്സുകാരിയായ മേരി എമ്മ തേംസും കറുത്തവർഗ്ഗക്കാർ താമസിക്കുന്ന റെയിൽവേ പരിസരത്ത് പൂക്കൾ അന്വേഷിച്ച് സൈക്കിളിൽ വരികയുണ്ടായി. വഴിയിൽ പശുവിനെ മേയ്ച്ചുകൊണ്ടിരിക്കയായിരുന്ന ജോർജ്ജിനേയും അനുജത്തിയെയും ആ പെൺകുട്ടികൾ കണ്ടു. അവരോട് പാഷൻ പുഷ്പങ്ങൾ എവിടെ കിട്ടുമെന്ന് ആ പെൺകുട്ടികൾ തിരക്കി. തനിയ്ക്കറിയില്ലെന്ന് അവൻ മറുപടി പറഞ്ഞു. പെൺകുട്ടികൾ അതുകേട്ട് മുന്നോട് നടന്നകന്നു. എന്നാൽ കഷ്ടകാലത്തിന് അവസാനമായിട്ട് ആ പെൺകുട്ടികളെ കണ്ടത് അപ്പോഴാണ്.  

പിറ്റേദിവസം അവരുടെ മൃതദേഹം വെള്ളം നിറഞ്ഞ ഒരു കുഴിയിൽ കണ്ടെത്തി. അവരെ കണ്ടെത്തിയ അന്വേഷണസംഘത്തിൽ ജോർജിന്റെ അച്ഛനും ഉണ്ടായിരുന്നു. തലയോട്ടി തകർന്ന് ദേഹം മുഴുവൻ മർദ്ദനമേറ്റ നിലയിലാണ് ആ മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് ഒരു വെളുത്ത കൊലയാളിയെ അന്വേഷിച്ചില്ല.  അവനും അവന്റെ അനുജത്തിയും കറുത്തവരാണ് എന്നതുകൊണ്ടും,  ആ പെൺകുട്ടികളെ അവസാനം കണ്ടത് അവരാണെന്നുള്ളതുകൊണ്ടും പൊലീസ് അവനിൽ കുറ്റം ചാർത്താൻ വ്യഗ്രത കാട്ടി. കൂടാതെ പട്ടണത്തിലെ ഏറ്റവും മോശം കുട്ടിയാണ് അവൻ എന്ന് ചിലർ വിരൽ ചൂണ്ടുകയും ചെയ്തു. വെളുത്ത അധികാരികൾക്കിടയിൽ അവൻ ഒറ്റപ്പെട്ടു.  

ഒരു ചെറിയ മുറിയിൽ, അച്ഛനും അമ്മയുമില്ലാതെ ഒറ്റയ്ക്ക് അവൻ ചോദ്യം ചെയ്യപ്പെട്ടു. പെൺകുട്ടികളെ കൊന്നത് അവനാണ് എന്ന് ഭയപ്പെടുത്തി അവനെ കൊണ്ട് പൊലീസുകാർ സമ്മതിപ്പിച്ചു. രണ്ട് മണിക്കൂർ നീണ്ട വിചാരണയ്ക്കിടെ, സാക്ഷികളില്ലാതെ, അവന് വേണ്ടി വാദിക്കാൻ ഒരു വക്കീലുപോലുമില്ലാതെ, തെളിവുകൾ ഒന്നുമില്ലാതെ വെളുത്തവർ മാത്രം അടങ്ങുന്ന ജൂറി ആ 14 വയസ്സുകാരനെ കൊലപാതകിയായി മുദ്രകുത്തി.

ഏപ്രിൽ 24 -ന് ജോർജ്ജിനെ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കുകയും വൈദ്യുതക്കസേരയിൽ വധിക്കാൻ വിധിക്കുകയും ചെയ്‌തു. ബൈബിൾ നെഞ്ചോട് ചേർത്ത് പിടിച്ച് "എന്നെ ഒന്നും ചെയ്യല്ലേ! ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല" എന്ന് യാചിച്ച് കൊണ്ട് അവൻ അവർക്കൊപ്പം മരണത്തിലേയ്ക്ക് നടന്നടുത്തു. എന്നാൽ, അവനെ കൊല്ലാൻ ഉപയോഗിച്ച വൈദ്യുത കസേര അവന് വളരെ വലുതായിരുന്നു. സ്ട്രാപ്പുകൾ അവന് അയഞ്ഞുകിടന്നു. ഒടുവിൽ ഉയരം കൂട്ടാനായി അവൻ നെഞ്ചോട് ചേർത്ത് വച്ചിരുന്ന ബൈബിൾ തന്നെ എടുത്ത് അതിൽ ഇരുത്തി അവനെ ആ കസേരയിൽ മുറുക്കി കെട്ടി അവർ.  മുഖം മൂടാനുപയോഗിച്ച് മാസ്ക് അവന് വളരെ വലുതായിരുന്നു. ഉദ്യോഗസ്ഥർ അവനെ കൊല്ലാനായി 2,400 വോൾട്ട് കറന്റ് അവനിൽ കടത്തി വിട്ടു. ശരീരം വിറച്ചപ്പോൾ അവന്റെ മാസ്ക് മുഖത്തുനിന്ന് ഊർന്നുപോയി. തുറിച്ച, വിരണ്ട കണ്ണുകൾ ശൂന്യതയിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. വായിൽ നിന്നും ഉമിനീർ ഒലിച്ചുകൊണ്ടിരുന്നു. രണ്ടു പ്രാവശ്യം കൂടി ആ ശരീരം വിറച്ചു. അതിന് ശേഷം അവൻ നിശ്ചലനായി.  

2013 -ൽ ജോർജ്ജിന്റെ കുറ്റസമ്മതം നിർബന്ധിതമാണെന്നും അവന് ഇതിൽ പങ്കില്ലെന്നും ആരോപിച്ച് സഹോദരി കോടതിയിൽ അപ്പീൽ നൽകി. ഒരു വർഷത്തെ പരിഗണനയ്ക്ക് ശേഷം, 2014 ഡിസംബർ 17 -ന് ജഡ്ജി കാർമെൻ ടി. മുള്ളൻ അവന്റെ കൊലപാതകക്കുറ്റത്തെ റദ്ദാക്കി.  അവന്റെ ശിക്ഷാവിധി “ക്രൂരവും അസാധാരണവുമാണ്” എന്ന് അവർ വിധിച്ചു. അങ്ങനെ 70 വർഷത്തിനുശേഷം ജോർജ്ജിനെ കോടതി  കുറ്റവിമുക്തനാക്കി. പക്ഷേ അത് കേൾക്കാൻ അവനുണ്ടായിരുന്നില്ല. വിവേചനത്തിന്റെയും, അനീതിയുടെയും വാൾമുനയിൽ അവന്റെ പിഞ്ചുജീവൻ ഇല്ലാതായി. എന്നാൽ ചരിത്രത്തിന്റെ ക്രൂരമായ ആവർത്തനങ്ങൾ ഇപ്പോഴും അവിടെ നടക്കുന്നു.   

Latest Videos
Follow Us:
Download App:
  • android
  • ios