ഒരുകൂട്ടം മനുഷ്യരെ മരണത്തിന്റെ വക്കിലെത്തിച്ച ശീലം, ഇവിടെ തലച്ചോർ തിന്നുന്ന ആചാരം നിർത്തലാക്കിയതിന് പിന്നിൽ..

തുടർന്ന്, 1960 -കളുടെ തുടക്കത്തിൽ ഈ ആചാരം സമൂഹത്തിൽ പൂർണ്ണമായും നിലച്ചു. എങ്കിലും 2009 വരെ ഈ രോഗം പ്രത്യക്ഷപ്പെട്ടു. 

The barbaric practice of eating brains stimulated a rare disease among the fore tribe

കിഴക്കൻ പപ്പുവ ന്യൂ ഗ്വിനിയയിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു ഗോത്രവർഗ്ഗമാണ് ഫോർ പീപ്പിൾ. 1930 -കൾ വരെ ഇവരെ കുറിച്ച് പുറംലോകത്തിന് കാര്യമായ അറിവൊന്നുമില്ലായിരുന്നു. ഓസ്‌ട്രേലിയയിൽ നിന്ന് സ്വർണഖനികൾ തിരഞ്ഞ് എത്തിയ ഒരുകൂട്ടം ആളുകളാണ് ഈ പ്രദേശത്ത് ഒരു ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്.  

1950 -കളിൽ ഗവേഷകർ ആ ഗ്രാമങ്ങളിൽ എത്തിയപ്പോൾ അസ്വസ്ഥാജനകമായ ഒന്ന് അവർ അവിടെ കണ്ടെത്തി. ഏകദേശം 11,000 ആളുകളുള്ള ഫോർ ഗോത്രത്തിൽ, പ്രതിവർഷം 200 പേരെങ്കിലും ഒരു പേരറിയാത്ത അസുഖം മൂലം മരിക്കുന്നു എന്നവർ മനസ്സിലാക്കി. "വിറയൽ"എന്നർത്ഥമുള്ള കുരു എന്നാണ് ആ രോഗത്തിന് അവർ നൽകിയ പേര്. രോഗലക്ഷണങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ, അധികം താമസിയാതെ മരിക്കുകയും ചെയ്യുമായിരുന്നു. ആദ്യം, അവയവങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നതിന്റെ സൂചനയായി അവർക്ക് നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടും. പിന്നീട് അവരുടെ വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടും. നിർത്താതെ അവർ ചിരിച്ചുകൊണ്ടിരിക്കും. അതിനാലാണ് ആളുകൾ ഇതിനെ "ചിരിക്കുന്ന മരണം" എന്ന് വിളിക്കുന്നത്. പിന്നീട് അവർക്ക് സ്വയമായി ഒന്നും തന്നെ ചെയ്യാൻ സാധിക്കാതെ വരുന്നു.  

ഈ രോഗം പ്രാഥമികമായി പ്രായപൂർത്തിയായ സ്ത്രീകളെയും എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെയുമാണ് ബാധിക്കുന്നത്. വംശനാശത്തിന്റെ വക്കിലാണെന്ന് മനസ്സിലാക്കിയ അവർ അതിൽ നിന്ന് രക്ഷ നേടാൻ ആവതും ശ്രമിച്ചു.  എന്നാൽ എന്താണ് ഇതിന് കാരണമായത്? ആ ഉത്തരം വർഷങ്ങളായി ഗവേഷകരെ കുഴപ്പിച്ചു. എന്നാൽ പിന്നീട് ഇതിന് ശവസംസ്കാര ചടങ്ങുകളുമായി ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. പ്രത്യേകിച്ചും, ശവസംസ്കാര ചടങ്ങുകളിൽ മൃതദേഹങ്ങൾ കഴിക്കുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്നവർ മനസ്സിലാക്കി.  

പല ഗ്രാമങ്ങളിലും, ഒരാൾ മരിക്കുമ്പോൾ, അയാളുടെ ശരീരം ബന്ധുക്കൾ പാകം ചെയ്ത് കഴിക്കും. അത് സ്നേഹത്തിന്റെയും സങ്കടത്തിന്റെയും ഒരു പ്രവൃത്തിയായിട്ടാണ് അവർ കണക്കാക്കുന്നത്. മൃതദേഹം കുഴിച്ചിട്ടാൽ അത് പുഴുക്കളാണ് ഭക്ഷിക്കുന്നത്. പുഴുക്കളും പ്രാണികളും കഴിക്കുന്നതിനേക്കാളും, മരിച്ചവരെ സ്നേഹിക്കുന്ന ആളുകൾ ആ ശരീരം കഴിക്കുന്നതാണ് നല്ലതെന്ന് അവർ  വിശ്വസിക്കുന്നു. സ്ത്രീകൾ തലച്ചോറ് ഭക്ഷിക്കുന്നു. പിത്തസഞ്ചി ഒഴികെ എല്ലാം തീയിൽ വറുത്ത് ബാക്കിയുള്ളവരും ഭക്ഷിക്കുന്നു.  

കുരു  "പ്രിയോൺസ്" അല്ലെങ്കിൽ "പ്രോട്ടീനിയസ് പകർച്ചവ്യാധികൾ" എന്ന് വിളിക്കപ്പെടുന്ന ഒരു പ്രോട്ടീൻ മൂലമുണ്ടാകുന്നതാണ് പിന്നീട് ഗവേഷകർ കണ്ടെത്തി. ഇവ ക്രമേണ തലച്ചോറിലെ നാഡീകോശങ്ങളെ നശിപ്പിക്കുകയും, സെറിബെല്ലം ഒരു സ്പോഞ്ച് പോലെ ദ്വാരങ്ങളാൽ നിറയുകയും ചെയ്യും.  മനുഷ്യരുടെ തലച്ചോർ ഭക്ഷിക്കുന്നതിൽ നിന്നാണ് ഇതുണ്ടാകുന്നത്. ഇത് ഒടുവിൽ പക്ഷാഘാതത്തിനും ഡിമെൻഷ്യയ്ക്കും കാരണമാകുന്നു. 

തുടർന്ന്, 1960 -കളുടെ തുടക്കത്തിൽ ഈ ആചാരം സമൂഹത്തിൽ പൂർണ്ണമായും നിലച്ചു. എങ്കിലും 2009 വരെ ഈ രോഗം പ്രത്യക്ഷപ്പെട്ടു. അതിനുശേഷം കേസുകൾ നിലച്ചു. ഈ ആചാരം വിനാശകരവും മാരകമായ ഒരു പകർച്ചവ്യാധിയ്ക്ക് കരണമാകുമ്പോഴും, ഈ അസുഖത്തെ അതിജീവിച്ച പലരും ജനിതകമാറ്റത്തിന് വിധേയരായി എന്നും അവർക്ക് മറ്റ് പല രോഗങ്ങളിൽ നിന്നും പ്രതിരോധശേഷി നേടിയതായും ഗവേഷകർ കണ്ടെത്തി.  അൽഷിമേഴ്‌സ്, പാർക്കിൻസൺസ് പോലുള്ള മസ്തിഷ്ക രോഗങ്ങളെ പ്രതിരോധിക്കാൻ ഒരു പരിധി വരെ അവർക്കായി എന്ന് ഗവേഷകർ കണ്ടെത്തി. കുരുവിനെ തടയുന്നതിനും ജനിതകമാറ്റം എങ്ങനെ സംഭവിക്കുന്നുവെന്നും മനസിലാക്കുന്നതിനും ഇന്നും ഗവേഷകർ പഠനങ്ങൾ നടത്തി വരികയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios