Asianet News MalayalamAsianet News Malayalam

മനോരാജ് കഥാസമാഹാര പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക് സമ്മാനിച്ചു

ഞാറയ്ക്കല്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ജോർജ്ജ് ജോസഫിൽ നിന്നും സലിൻ മാങ്കുഴി മനോരാജ് കഥാസമാഹാര പുരസ്‌കാരം സ്വീകരിച്ചു.

Manoraj memorial 10th literary award presented to writer Salin Mankuzhy
Author
First Published Oct 4, 2024, 2:49 PM IST | Last Updated Oct 4, 2024, 2:58 PM IST

കൊച്ചി: പത്താമത് മനോരാജ് കഥാസമാഹാര പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക് സമ്മാനിച്ചു. ഡീസി (കറൻ്റ് ബുക്ക്സ്) പ്രസിദ്ധീകരിച്ച ‘പത U/A‘ എന്ന കഥാസമാഹാരത്തിനാണ് പുരസ്തകാരം. 33,333 രൂപയും, ശില്‍പവുമാണ് പുരസ്‌കാര ജേതാവിന് നല്‍കുന്നത്. മലയാളം ബ്ലോഗറും കഥാകൃത്തും ആയിരുന്ന മനോരാജിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. 2015 മുതലാണ് ഈ പുരസ്കാരം നല്കാൻ തുടങ്ങിയത്.

ഞാറയ്ക്കല്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ജോർജ്ജ് ജോസഫിൽ നിന്നും സലിൻ മാങ്കുഴി മനോരാജ് കഥാസമാഹാര പുരസ്‌കാരം സ്വീകരിച്ചു. മലയാളത്തിലെ പുതു തലമുറ കഥ പറയലിന്റെ വ്യത്യസ്തവും ശ്രദ്ധേയവുമായ മുഖമാണ് സലിൻ മാങ്കുഴി എന്ന് ജോര്‍ജ്ജ് ജോസഫ് മുഖ്യപ്രഭാഷണത്തിൽ പരാമര്‍ശിച്ചു. തനിക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളതായി മനോരാജ് പുരസ്കാരത്തെ കാണുന്നു എന്ന് മറുപടി പ്രസംഗത്തിൽ സലിൻ മാങ്കുഴി പറഞ്ഞു. പത അടക്കമുള്ള തന്റെ എഴുത്തിന്റെ വഴികളെക്കുറിച്ചും സലിൻ മാങ്കുഴി സംസാരിച്ചു.

മനോരാജ് പുരസ്കാര സമിതി സെക്രട്ടറി ജോസഫ് പനയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോഗര്‍മാരായ മുരളീകൃഷ്ണ മാലോത്ത്, ജയൻ ഏവൂര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. നിർവാഹക സമിതിയംഗം സന്ദീപ് സലീം സ്വാഗതവും പ്രശാന്ത് ചെമ്മല നന്ദിയും പറഞ്ഞു. ചടങ്ങില്‍ കഥാകൃത്ത് വി. ഷിനിലാല്‍, നിര്‍വാഹക സമിതി അംഗങ്ങളായ സാബു കോട്ടോട്ടി, ഡോ. ജയന്‍ ഏവൂര്‍, മണികണ്ഠന്‍ തമ്പി, നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മനോരാജിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു. 

സലിന്‍ മാങ്കുഴി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ്. പത U/ A, പേരാള്‍ എന്നീ കഥാസമാഹാരങ്ങളും എതിര്‍വാ എന്ന നോവലും സലിമിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടം ഉള്‍പ്പെടെ നാലു സിനിമകളുടെ രചന നിര്‍വ്വഹിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios