ഒറ്റ കൊവിഡ് കേസുപോലുമില്ല, അതിമനോഹരവും ആകർഷകവും, ദ്വീപിലേക്ക് ജോലിക്ക് ആളുകളെ ക്ഷണിക്കുന്നു

മനോഹരമായ പ്രകൃതിയും, കടലും കുന്നുകളുമുള്ള ഇവിടെ കുറെ നല്ല ആളുകളും, ആകർഷകമായ ജീവജാലങ്ങളുമുണ്ട് എന്നദ്ദേഹം പറയുന്നു. 

Lundy Island invites job applications for the post of volunteer assistant warden

നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി അൽപ്പം ശാന്തമായിരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നിർത്താതെയുള്ള ഓട്ടവും, സമ്മർദ്ദവും വല്ലാതെ മനസ്സ് മടുപ്പിക്കുന്നുണ്ടോ? എന്നാൽ, അങ്ങനെയുള്ളവർക്കായി ഒരു ജോലി വാഗ്ദാനം ചെയ്തിരികയാണ് ഇംഗ്ലണ്ടിലെ ഒരു ദ്വീപ്. ഡെവോണിന്റെ വടക്കൻ തീരത്ത് അഞ്ച് കിലോമീറ്റർ നീളത്തിലാണ് ലുണ്ടി എന്ന ആ ദ്വീപ് സ്ഥിതിചെയ്യുന്നത്. ആ ദ്വീപിന്റെ മേൽനോട്ടം വഹിക്കലാണ് ജോലി. ഫേസ്ബുക്കിൽ നൽകിയ പരസ്യത്തിൽ, തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് മാറി ഒരു ചെറിയ ഒറ്റപ്പെട്ട ദ്വീപിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ തസ്തിക അനുയോജ്യമായിരിക്കുമെന്ന് നിർദ്ദേശിച്ചിരിക്കുന്നു.  

ജോലിയ്ക്ക് കാര്യമായ യോഗ്യതകൾ ഒന്നും തന്നെയില്ല. പിന്നെ വേണ്ടത് കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഒരു മനസ്സും, പണിയെടുക്കാനുള്ള താല്പര്യവുമാണ് എന്നവർ പറയുന്നു. നാഷണൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ദ്വീപിനെ സംരക്ഷിക്കാൻ അഞ്ച് സന്നദ്ധ പ്രവർത്തകരെയാണ് ആവശ്യം.  "ഓരോ ദിവസവും ഇവിടെ വ്യത്യസ്തമായിരിക്കും" ലുണ്ടി ഹെഡ് വാർഡൻ ഡീൻ ജോൺസ് പറഞ്ഞു. "ദ്വീപിൽ ധാരാളം ജോലികൾ ഉണ്ട്, പ്രധാനമായും സംരക്ഷണമാണ്. കൂടാതെ ഇവിടെയുള്ള സീൽ, കടൽ പക്ഷി കൂട്ടങ്ങളെ നിരീക്ഷിക്കുകയും വേണം. എന്നാൽ, ഈ ജോലിയ്ക്ക് ശമ്പളം ഉണ്ടാകില്ല. പകരം താമസവും, ഭക്ഷണവും സൗജന്യമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

മനോഹരമായ പ്രകൃതിയും, കടലും കുന്നുകളുമുള്ള ഇവിടെ കുറെ നല്ല ആളുകളും, ആകർഷകമായ ജീവജാലങ്ങളുമുണ്ട് എന്നദ്ദേഹം പറയുന്നു. ഈ ദ്വീപിൽ ഇതുവരെ കൊവിഡ് -19 ന്റെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും വൈറസ് പടരുന്ന പ്രദേശങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കും. ദ്വീപിൽ മഹാമാരി ഇല്ലെങ്കിലും, തെരഞ്ഞെടുക്കുന്നവർ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. ഒപ്പം ലുണ്ടിയുടെ ഏക പബ്ബായ മാരിസ്കോ ടാവറിൽ നിന്ന് ഭക്ഷണവും കഴിക്കാം. ഇതിനോടകം തന്നെ ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകരിൽ കൂടുതലും വിദ്യാർത്ഥികളാണ്.  2020 -ൽ അടച്ചശേഷം ദ്വീപിന്റെ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. അതിന്റെ ഫലമായി നേരത്തെ ചില സന്നദ്ധപ്രവർത്തകരെ പിരിച്ചുവിടേണ്ടി വന്നു. 28 നിവാസികൾ മാത്രമുള്ള ഈ പ്രദേശത്തെ പ്രധാന വരുമാനം അവധിക്കാല ടൂറിസമാണ്. അപേക്ഷ അയക്കേണ്ട അവസാന തീയതി 2021 ഫെബ്രുവരി 5 -നാണ്.  
 

Latest Videos
Follow Us:
Download App:
  • android
  • ios