ജാതിക്കളികളില്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്

ജാതിക്കളികളില്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്

Cover story on chengannur election

ഉത്തരത്തിലിരിക്കുന്നത് എടുക്കുമ്പോൾ കക്ഷത്തിലിരിക്കുന്നത് നഷ്‍ടപ്പെടരുത്. ഉത്തരത്തിലിരിക്കുന്നവനെ  ദാ വരുന്നു ഇപ്പോഴെടുക്കാം എന്ന് മോഹിപ്പിക്കുകയും വേണം. പക്ഷേ അപ്പോഴും കക്ഷത്തിലുള്ളതിനെ മുറുക്കിപ്പിടിച്ചാൽ രണ്ടുണ്ട് ഗുണം. മോളിലിരിക്കുന്നയാൾ മറ്റാരുടെയും കൂടെപ്പോകാതെ കാത്തിരിക്കും. ആ കാത്തിരിപ്പാണ് കാത്തിരിപ്പ്. ദതാണ് കെ എം മാണിയുടെ കയ്യാലപ്പുറത്തെ ഇരിപ്പ്. മാണിയില്ലാതൊരു വിജയനുണ്ടോ എന്നൊരു ഗാനം പശ്ചാത്തലത്തിൽ മുഴങ്ങുന്നത് കേൾക്കുന്നില്ലേ?  

Cover story on chengannur election

 ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പുമാണ്. കേരളം ഇതുവരെ കാണാത്ത ജാതിക്കളികൾ നടക്കുന്നിടമായിരിക്കും ചെങ്ങന്നൂർ. സിപിഎം, കോൺഗ്രസ്, ബിജെപി മൂന്ന് പ്രമുഖ കക്ഷികളുടെയും കണ്ണ് ജാതിക്കണക്കിൽ തന്നെയാണ്. ജാതി, ഉപജാതി, സമുദായ സംഘടനകൾ.. മുള്ള് മുരിക്ക് ഞാഞ്ഞൂലുവരെ പത്തിവിരിച്ചാടും, അവകാശവാദം പറയും, എന്നെ മൈൻഡ് ചെയ്‍തില്ലേൽ ചുട്ടിടുവേൻ എന്ന് വീമ്പിളക്കും.

നടേശൻ സഖാവ് ബിഡിജെഎസിന്റെ ആരുമല്ല. മകനെ കളത്തിലിറക്കി കുന്നു കളിച്ചുനോക്കി. വേണ്ടതുപോലെ ഏറ്റില്ല. മകനെ ബിജെപി കൂടാരത്തിൽ നിർത്തി ഇവിടെ ഒരു കാൽ യുഡിഎഫിലും മറുകാൽ എൽഡിഎഫിലും വച്ച് നിൽക്കാൻ തുടങ്ങിയിട്ട് കാലമൊത്തിരിയായി. മകനൊട്ട് എംപിയായതുമില്ല, ബിഡിജെഎസ് കരപറ്റിയതുമില്ല. പിണറായി സഖാവ് മഹാനാണ്, മിടുക്കനാണ് എന്നൊക്കെ ഇടയ്‍ക്കിടെ നാമം ജപിച്ചിട്ടും കാര്യമുണ്ടായില്ല. പണികൊടുക്കാൻ ഹൈക്കോടതി വിധി വന്നു. ഇനിയിപ്പോൾ ഒന്നേ ചെയ്യാനുള്ളൂ- എനിക്കില്ലാത്തത് ആർക്കും വേണ്ടെന്ന പുതിയ കളി.

 

Cover story on chengannur election

കേരള കോൺഗ്രസ് ആർക്ക് വോട്ട് ചെയ്യുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചെങ്ങന്നൂരിൽ വിജയം തീരുമാനിക്കുന്നത് കേരള കോൺഗ്രസ്സാണെന്നാണ് കെ എം മാണിയുടെ ഭാവം. പറയാൻ കൊള്ളാവുന്ന നിലപാടെടുക്കാൻ പറ്റാത്തത് കെ എം മാണിക്കൊരു ക്ഷീണമല്ല. നിലപാട് പറയലല്ല, എൽഡിഎഫിൽ കയറലാണ് കെ എം മാണിയുടെ ലക്ഷ്യം. ഇല്ലത്തുനിന്നിറങ്ങുകയും ചെയ്‍തു, അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന സ്ഥിതിയാണിപ്പോൾ, ഒത്താലിത്തവണ പിണറായി വിജയൻ മാണിയെ തട്ടി എകെജി സെന്ററിനകത്തിടും. സിപിഎമ്മിനെ ആഗോള പ്രതിസന്ധിയിലാക്കിയ തർക്കം രണ്ടുകൊല്ലം നടത്തിയതിന്റെ ക്ഷീണം തീർന്നിട്ടില്ല. അതേ ആഗോള തർക്കം സിപിഐയിലും നടക്കുന്നുണ്ട്. പണ്ടേ ക്ഷീണമുള്ള ഇവർക്ക് ഇപ്പോൾ ദുർബലരാകാൻ ഒരു കാരണം കൂടിയായി; കെ എം മാണി. ചെങ്ങന്നൂരിൽ കെ എം മാണിക്ക് അതിഭയങ്കര സ്വാധീനമാണ്, വലിയ വോട്ട് ബാങ്കാണ് എന്ന് സിപിഎം. അയ്യേ അങ്ങനെയൊന്നുമില്ല, മാണിയില്ലേലെന്താ, ഉണ്ടേലെന്താ എന്ന് സിപിഐ.

Cover story on chengannur election

പിണറായി വിജയൻ മൈക്കിൽ പ്രസംഗിക്കുന്നതല്ലാതെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാറില്ല. പിണറായിക്ക് വേണ്ടതെന്താണെന്ന് അറിഞ്ഞുപറയാൻ കോടിയേരിയുണ്ട്. കോടിയേരിയെ കണ്ടാലും കാനത്തെ കണ്ടാലും മാധ്യമപ്രവർത്തകർക്ക് ഒരിളക്കമാണ്. അപ്പൊ ചോദിക്കും , മാണിയെ മുന്നണിയിലെടുക്കുമോ എന്ന്. കാനം ഈ വഴിയേ, കോടിയേരി ആ വഴിയേ , ആശിച്ചാശിച്ച് മാണി മോഹക്കുരുക്കിലും.

Cover story on chengannur election

ചെങ്ങന്നൂരിലെ വോട്ടർമാർ ആരെയെങ്കിലും ജയിപ്പിക്കട്ടെ. അവരുടെ വിധി അവർ തീരുമാനിക്കും.  വിജയൻ സർക്കാരിനെ വീഴ്‍‌ത്താനും വാഴ്‍ത്താനുമൊന്നും ആ ഒരു സീറ്റിലെ ഫലത്തിനാവില്ല. പക്ഷെ നിലവിൽ വിജയൻ സർക്കാരിനെതിരെ ജനവികാരമുണ്ടോയെന്ന് തിരിച്ചറിയാനുള്ള ഒരു മാർഗമായി വിലയിരുത്താം. അതിനപ്പുറം ഈ ഉപതെര‍ഞ്ഞെടുപ്പ് പ്രധാനമാകുന്നത് ജാതിക്കളി കൊണ്ടുമാത്രമാണ്. ബിജെപിയെ തോൽപ്പിക്കാൻ അടവുനയമാകാമെന്നാണ് സിപിഎം നയം. കോൺഗ്രസ് കൂട്ടൊക്കെ കേരളത്തിന് പുറത്ത്.  എന്നാലും കേരളത്തിനകത്ത് ബിജെപി വിരുദ്ധത എന്ന ഫോക്കൽ പോയിന്റിലേക്ക് കിട്ടാവുന്നവരെയൊക്കെ വലിച്ചടുപ്പിക്കുക എന്നതിന് സിപിഎം ശ്രമിച്ചുകൊണ്ടേയിരിക്കും. വിശാലമായ അർത്ഥത്തിൽ ആ കൂട്ടിൽ ഇന്ന് കേരള കോൺഗ്രസ് വന്നാൽ  നാളെ മുസ്ലീം ലീഗിനും വരാം. മറ്റന്നാളിൽ എസ്ഡിപിഐക്കും പിന്നാലെ ബിഡിജെഎസിനും എത്താം. അതല്ല ബിജെപി വിരുദ്ധ സഖ്യത്തിനും ഒരു ധാർമ്മികതയൊക്കെ വേണം, രാഷ്‍ട്രീയം വേണം, പൊതുനിലപാട് വേണം എന്ന് തീരുമാനിച്ചാൽ കെ എം മാണിയും കേരള കോൺഗ്രസും ഇടതുമുന്നണിയിൽ എത്തില്ല. നോക്കാം കാത്തിരിക്കാം.

 

Latest Videos
Follow Us:
Download App:
  • android
  • ios