കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് വിദേശ മദ്യവുമായി അറസ്റ്റിൽ
പത്തനംതിട്ട മലയാലപ്പുഴ മയിലാടുപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ സ്വദേശി സുധീഷാണ് ഏഴ് ലിറ്റർ വിദേശമദ്യവുമായി കോന്നി എക്സൈസിന്റെ പിടിയിലായത്.
പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്കൊപ്പം ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാല അണിയിച്ച്, പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ച യുവാവിനെ ഡ്രൈ ഡേയില്‍ വിദേശമദ്യ ശേഖരവുമായി എക്സൈസ് പിടികൂടി. പത്തനംതിട്ട മലയാലപ്പുഴ മയിലാടുപാറയിൽ ഇന്നലെയാണ് സംഭവം. പത്തനംതിട്ട മൈലാടുപാറ സ്വദേശി സുധീഷിന്റെ പക്കല്‍ നിന്ന് 7 ലിറ്റര്‍ മദ്യമാണ് എക്സൈസ് കണ്ടെടുത്തത്. ഇയാളെ റിമാൻഡ് ചെയ്തു.
കാപ്പാക്കേസ് പ്രതി ഉൾപ്പെടെ സിപിഎമ്മിൽ ചേർന്നതോടെ നവീകരണത്തിന്റെ പാതയിലേക്ക് എത്തി എന്നായിരുന്നു ആരോഗ്യമന്ത്രി അടക്കം പറഞ്ഞത്. അതിൽ ഒരാളായ സുധീഷാണ് ഡ്രൈ ഡെയിലെ അനധികൃത മദ്യ വില്പനയ്ക്ക് പിടിയിലായത്. ബിവറേജസ് ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും വാങ്ങുന്ന മദ്യം, നാട്ടില്‍ ഉയര്‍ന്ന വിലയ്ക്ക് കച്ചവടം നടത്തിവന്ന ആളാണ് സുധീഷെന്ന് എക്സൈസ് പറയുന്നു. ഡ്രൈ ഡേയില്‍ വൻതോതിലുളള മദ്യ വില്‍പ്പന ഇയാള്‍ നടത്തിവരുന്നതായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്ന ഇന്നലെ വൈകുന്നേരത്തെ പരിശോധന. മൈലാടുപാറയില്‍ ഇയാള്‍ താമസിച്ചുവന്ന വാടക കെട്ടിടത്തില്‍ നിന്നും 7 ലിറ്റര്‍ മദ്യം കണ്ടെത്തി. 500 മില്ലി വീതം ഉള്‍ക്കൊളളുന്ന 14 കുപ്പികളാണ് ഉണ്ടായിരുന്നത്. കോന്നി എക്സാൈസ് സംഘം പിടികൂടിയ സുധീഷിനെ കോടതി റിമാന്‍ഡു ചെയ്തു.
കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിനൊപ്പം ചേര്‍ന്നവരില്‍ യദു കൃഷ്ണന്‍ എന്ന ആള്‍ നേരത്തെ കഞ്ചാവുമായി പിടിയിലായിരുന്നു. കാപ്പാ കേസ് പ്രതി ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രന്‍ അടക്കം 62 പേരാണ് മലയാലപ്പുഴ മേഖലയില്‍ നിന്നും ജൂണ്‍ മാസത്തില്‍ സി പി എമ്മില്‍ ചേര്‍ന്നത്. ഇഡ്ഡലിയെ അടുത്തിടെ ഡിവൈഎഫ്ഐ മേഖല വൈ. പ്രസിഡന്‍റായി തിരഞ്ഞെടുക്കുകയും ചെയ്തു. ഒരു പശ്ചാത്തലവും അന്വേഷിക്കാതെ ജില്ലാ സെക്രട്ടറിയും മന്ത്രിയും ചേർന്ന് മാലിയിട്ടു സ്വീകരിച്ചവരെല്ലാം സമ്മേളനകാലത്ത് ഉൾപ്പെടെ പാർട്ടിക്ക് നല്ല പണിയാണ് കൊടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം