ചിങ്ങവനത്ത് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ
വാടക വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ഭാര്യയെയും ഭാര്യാമാതാവിനെയും ചീത്ത വിളിക്കുകയും, ഭാര്യയെ മർദ്ദിക്കുകയും ചെയ്തു
ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കുടുംബപ്രശ്നങ്ങളുടെ പേരിൽ അകന്നു കഴിയുകയായിരുന്ന ഭാര്യയെ വീടിനുള്ളിൽ കയറി ആക്രമിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ സ്വദേശി ജിബിൻ ജോസഫ് എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറി ആയിരുന്നു യുവാവിന്റെ അതിക്രമം.
വീട്ടിൽ അതിക്രമിച്ചു കയറി ഇയാൾ ഭാര്യയെയും ഭാര്യാമാതാവിനെയും ചീത്ത വിളിക്കുകയും, ഭാര്യയെ മർദ്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരുടെയും കയ്യിലിരുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മറ്റൊരു സംഭവത്തിൽ ചിങ്ങവനത്ത് വീടിനുള്ളിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം ആശാരിശ്ശേരി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന അനീഷ് ആർ എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏപ്രിൽ രണ്ടാം തീയതി വൈകിട്ട് പനച്ചിക്കാട് സായിപ്പുകവല ഭാഗത്തുള്ള വീട്ടില്‍ കയറി ഹാളിൽ കസേരയിൽ വച്ചിരുന്ന 30,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ അമ്പലപ്പുഴ ഭാഗത്തുനിന്നും പിടികൂടുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം