ഹോം ക്വാറന്റീന്‍ ലംഘിച്ച് കറങ്ങിനടന്ന് യുവാവ്; കയ്യോടെ പിടികൂടി പെയിഡ് ക്വാറന്റീനിലേക്ക് മാറ്റി പൊലീസ്

ദുബായില്‍ നിന്ന് മുംബൈ വഴി വീട്ടിലെത്തിയ ഇയാളോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. വീട്ടിലെത്തിയ ഇയാള്‍ അന്നുമുതല്‍ പല ഓട്ടോകളില്‍ കറങ്ങി നടന്നതായി പറയുന്നു. 

Young man walking around breaking home quarantine

ആലപ്പുഴ: ഹോം ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന് യുവാവ്. ദുബായില്‍ നിന്ന് 25ന് നാട്ടിലെത്തിയ എടത്വാ സ്വദേശിയായ യുവാവാണ് ഹോം ക്വാറന്റീൻ ലംഘിച്ച് എടത്വായിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടന്നത്. എടത്വാ സിഐ ദ്വിജേഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐ സിസില്‍ ക്രിസ്റ്റില്‍ രാജ് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. 

ദുബായില്‍ നിന്ന് മുംബൈ വഴി വീട്ടിലെത്തിയ ഇയാളോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. വീട്ടിലെത്തിയ ഇയാള്‍ അന്നുമുതല്‍ പല ഓട്ടോകളില്‍ കറങ്ങി നടന്നതായി പറയുന്നു. എടത്വാ-തായങ്കരി റോഡില്‍ ഇല്ലിമൂട് ജംഗ്ഷന് സമീപത്തുവെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. പിടിക്കപ്പെടുമ്പോള്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. 

പിടികൂടിയ ഇയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും സംയുക്തമായി ആംബുലന്‍സില്‍ കയറ്റി ആലപ്പുഴ പെയിഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് അയച്ചു. ഇയാളുടെ വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമാണുള്ളത്. പ്രവാസിയായ ഭാര്യയും മക്കളും ഇതുവരെ നാട്ടില്‍ എത്തിയിട്ടില്ല. അതേസമയം, ഹോം ക്വാറന്റീൻ നിര്‍ദ്ദേശിക്കുന്ന പലരും നാട്ടില്‍ കറങ്ങി നടക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios