ക്ഷേത്രത്തിലെത്തുന്ന കുഞ്ഞുങ്ങളെ പിന്തുടർന്ന് പാദസരം മോഷണം; മഫ്തിയിലെത്തിയ പൊലീസിന്‍റെ വലയിൽ കുടുങ്ങി രമ
പാദസരം മോഷ്ടിക്കുന്ന രമയെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്.
ഹരിപ്പാട്: ക്ഷേത്രത്തിലെത്തുന്ന കൊച്ചു കുട്ടികളുടെ കാലിൽ നിന്നു പാദസരം അതിവിദഗ്ധമായി മോഷ്ടിക്കുന്ന സ്ത്രീയെ പൊലീസ് പിടികൂടി. കൊല്ലം നെടുങ്ങോലം കട്ടിലായത്തുവിള രമ (66) ആണ് പിടിയിലായത്.
ക്ഷേത്രത്തിൽ എത്തിയ കൊച്ചു കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ചതിന് ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ രമയ്ക്കെതിരെ നാല് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ടു കുഞ്ഞുങ്ങളുടെ പാദസരവും വീട്ടമ്മയുടെ നാല് പവന്റെ മാലയും മോഷണം പോയിരുന്നു. പാദസരം മോഷ്ടിക്കുന്ന രമയെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
തുടർന്ന് ഇന്നലെ വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം മഫ്ത്തിയിൽ ക്ഷേത്രത്തിലെത്തി. കുഞ്ഞുങ്ങളുമായി എത്തുന്നവരുടെ കൂടെ രമയെ കണ്ടതിനെ തുടർന്നു പൊലീസ് പിടികൂടുകയായിരുന്നു. അതേസമയം നേരത്തെ വീട്ടമ്മയുടെ മാല മോഷണം നടത്തിയത് തമിഴ് സ്ത്രീകളാണെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആറൻമുളയിലെ മറ്റൊരു മോഷണക്കേസിൽ റിമാൻഡിലായ ഈ സ്ത്രീകളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു.
എസ്എച്ച്ഒ വി എസ് ശ്യാംകുമാർ, എസ്ഐമാരായ ഷെഫീക്ക്, ഷൈജ, എഎസ്ഐ രാധേഷ് ചന്ദ്ര, സിപിഒമാരായ ചിത്ര, പ്രിയ, എ നിഷാദ്, പ്രദീപ്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് രമയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം