അധികാരികളെ കാണുന്നില്ലേ...? സ്വൈര്യ ജീവിതം തകര്‍ത്ത് കാട്ടാനകള്‍; പുതിയപാടിയിലും പാടിവയലിലും ജനം ദുരിതത്തിൽ

കഴിഞ്ഞ ദിവസം കോഴിക്കോട്-ഊട്ടി അന്തര്‍സംസ്ഥാനപാത മുറിച്ചുകടന്ന് വരികയായിരുന്നു കാട്ടാനയുടെ മുന്നില്‍നിന്ന് ബൈക്ക് യാത്രികന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

wild elephant attack increase in wayanad padivayal

കൽപ്പറ്റ: പുതിയപാടി, പാടിവയല്‍ പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകര്‍ത്ത് കാട്ടാനകള്‍. ഇവിടെയുള്ള നസ്രാണിക്കാട്ടില്‍ നിന്നിറങ്ങുന്ന ആനകളാണ് പ്രദേശത്ത് പലപ്പോഴായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. പകല്‍നേരത്ത് പോലും ആനകള്‍ റോഡിലെത്താന്‍ തുടങ്ങിയതോടെ രാവിലെ ജോലിക്ക് പോകുന്നവരും സ്‌കൂള്‍ കുട്ടികളും ഒക്കെ ആനയെ പേടിച്ചാണ് റോഡുകളിലൂടെ കടന്നുപോകുന്നത്. മൂപ്പൈനാട് പഞ്ചായത്തിലെ കടച്ചിക്കുന്ന്, കാടാശ്ശേരി, പാടിവയല്‍, പുതിയപാടി എന്നിവിടങ്ങളാണ് കാട്ടാനപ്പേടിയിലായിരിക്കുന്നത്. 

ദിവസങ്ങള്‍ക്ക് മുമ്പ് പുതിയപാടി പരിസരത്തെ തേയിലത്തോട്ടത്തില്‍ സംഘമായെത്തിയ ആനകള്‍ ഞായറാഴ്ച വരെ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ആനകളെത്തിയാല്‍ വനംവകുപ്പും എത്തുമെങ്കിലും തുരത്തിയതിന് ശേഷം മണിക്കൂറുകള്‍ക്കകം തന്നെ മടങ്ങിയെത്തുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്-ഊട്ടി അന്തര്‍സംസ്ഥാനപാത മുറിച്ചുകടന്ന് വരികയായിരുന്നു കാട്ടാനയുടെ മുന്നില്‍നിന്ന് ബൈക്ക് യാത്രികന്‍ തലനാരിഴക്കാണ് രക്ഷപ്പെടുകയായിരുന്നു. ഇത് കാരണം പകല്‍ വാഹനങ്ങളില്‍ പോലും ഈ റൂട്ടില്‍ സഞ്ചരിക്കാന്‍ ഭയക്കുകയാണ് യാത്രക്കാര്‍. മുമ്പ് ജനവാസ പ്രദേശങ്ങളിലേക്ക് കാട്ടാനകള്‍ എത്തുന്ന പതിവുണ്ടായിരുന്നില്ലെന്ന് നാട്ടുകാരന്‍ നിസാര്‍ പറഞ്ഞു.

ജനവാസമേഖലയിലൂടെ ഏറെ ദൂരം സഞ്ചരിക്കുന്ന കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് പ്രദേശത്ത് വരുത്തിവെക്കുന്നത്. പാടിവയല്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടം ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയ ആനകള്‍ചവിട്ടിമെതിച്ചു. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ഫെന്‍സിങ് തകര്‍ത്താണ് കാട്ടാന കൃഷിയിടത്തില്‍ കയറിയത്. ഏത് സമയം വേണമെങ്കിലും കാട്ടാനക്കൂട്ടത്തിന് മുന്നിലകപ്പെടാമെന്ന് ഭീതിയില്‍ കാര്‍ഷിക ജോലികള്‍ക്ക് പണിക്കാരെ ലഭിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. 

അഥവാ തൊഴിലാളികള്‍ ജോലിക്കെത്തിയാല്‍ തന്നെ തോട്ടത്തിലേക്ക് സ്ത്രീ തൊഴിലാളികള്‍ അടക്കമുള്ളവരെ പറഞ്ഞയക്കാന്‍ പേടിയാണ് പലര്‍ക്കും. സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് പോലും യാത്രചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും ശാശ്വത പരിഹാരം കാണാത്ത പഞ്ചായത്ത് അധികാരികളുടെയും വനംവകുപ്പിന്റെയും നടപടികള്‍ക്കെതിരെ അന്തര്‍സംസ്ഥാനപാത ഉപരോധിക്കാനുള്ള നീക്കത്തിലാണിവര്‍.

Read More : കലൂരിൽ വാടക വീടെടുത്തത് 3 യുവാക്കൾ, ചാക്കിൽ സാധനങ്ങളെത്തിക്കും; ലക്ഷങ്ങളുടെ പുകയില ഉത്പന്നങ്ങളുമായി പിടിയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios