'നിർമ്മാണ ചെലവിന്റെ 5 ശതമാനം ഒപ്പം പിഴയും പിന്നാലെ ജയിൽ വാസവും', പൈറസിയിൽ പിടിയിലായാൽ...
വ്യാജപതിപ്പിറക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. നിർമ്മാണ ചെലവിൻ്റെ അഞ്ച് ശതമാനത്തോടൊപ്പം മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കെണ്ടിവരും. തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.
കൊച്ചി: ഡിജിറ്റൽ പൈറസിയുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്ത ജിതിൻ ലാൽ സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാന താരമായ 'എആർഎമ്മി'നെക്കുറിച്ചാണ്. സെപ്റ്റംബർ 12ന് ഓണം റിലീസായി എത്തി മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ തുടരുന്ന ചിത്രമാണ് ഓൺലൈനിൽ പ്രചരിക്കപ്പെടുന്നത്. ട്രെയിൻ യാത്രയ്ക്കിടെ ഒരാൾ സിനിമ മൊബൈൽ ഫോണിൽ കാണുന്ന ദൃശ്യം സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 'ഹൃദയഭേദകം' എന്ന കുറിപ്പോടെ... ഒരു സിനിമയൊരുക്കാൻ കഴിച്ചുകുട്ടിയ വർഷങ്ങളുടെ കഷ്ടപ്പാടിനെ ഒറ്റ നിമിഷംകൊണ്ട് ഇല്ലാതാക്കുന്ന പ്രവൃത്തിയെന്ന് നിസംശയം പറയാം....
12ന് എആർഎം റിലീസായി, രണ്ട് ദിവസത്തിന് ശേഷം കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് സിനിമ അഞ്ചോളം ടെലഗ്രാം ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം ആദ്യം അറിഞ്ഞതെന്ന് ജിതിൻ ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. "ഒരു സുഹൃത്താണ് ഈ വീഡിയോ അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആർഎം കാണേണ്ടവർ കാണട്ടെ. അല്ലാതെ എന്ത് പറയാനാണ്"? എന്നാണ് ജിതിൻ്റെ കുറിപ്പ്... അങ്ങനെ ഒന്നും പറയാതെ പോകാനാകുമോ? ഡിജിറ്റൽ പൈറസി ലംഘനം ഗുരുതരമായ കുറ്റകൃത്യമാണ്.
വെബ്സൈറ്റുകൾ വഴിയും ടെലഗ്രാം ചാനലുകൾ വഴിയുമാണ് സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രധാനമായും പ്രചരിക്കപ്പെടുന്നത്. വ്യാജപതിപ്പുകൾ ഇൻ്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നത് തെറ്റാണ്. ഓൺലൈൻ വെബ്സൈറ്റുകളും ടെലഗ്രാം ചാനലുകളും വഴി സിനിമകളുടെ പൈറേറ്റഡ് കോപ്പികൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും കുറ്റകരമാണെന്നറിയുമോ? വ്യാജപതിപ്പിറക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. നിർമ്മാണ ചെലവിൻ്റെ അഞ്ച് ശതമാനത്തോടൊപ്പം മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കെണ്ടിവരും. തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.
ഇത്രയൊക്കെ ശിക്ഷയുറപ്പാക്കാൻ മാത്രം തെറ്റാണോ ചെയ്യുന്നത് എന്ന് തോന്നുന്നുണ്ടാകാം. തിയേറ്ററിൽ സിനിമകൾ കാണുന്നയാളാണ് ഞാൻ. ചില ഒടിടി പ്ലാറ്റ്ഫോമുകളും സബ്സ്ക്രബ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. എല്ലാ സിനിമയും തിയേറ്ററിൽ പോയി കാണാനാകില്ലല്ലോ. സബ്സ്ക്രൈബ് ചെയ്ത ഒടിടികൾക്ക് പുറമെ റിലീസ് ചെയ്ത ചില സിനിമകൾ മാത്രമാണ് ടെലഗ്രാമിൽ ഡൗൺലോഡ് ചെയ്ത് കാണുന്നത്... അങ്ങനെയാകും വലിയൊരു വിഭാഗം പേരെങ്കിലും ചിന്തിക്കുന്നത്. എന്നാൽ അപ്പോഴും തെറ്റ് തെറ്റല്ലാതാകുന്നില്ല. മറ്റൊരു ഉദാഹരണം നോക്കിയാൽ, പതിവായി രണ്ട് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നയാളാണ് ഞാൻ. എന്നുകരുതി ഈ കാരണം പറഞ്ഞ് മൂന്നാമത്തെ ഹോട്ടലിൽ നിന്ന് പണം കൊടുക്കാതെ ഭക്ഷണമെടുത്ത് കഴിക്കാനാകില്ലല്ലോ. ഇതുപോലെയാണ് പൈറസി നിയമലംഘനങ്ങളും..
മലയാളം ഉൾപ്പെടെ നിരവധി സിനിമകളാണ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ എച്ച്ഡി ക്വാളിറ്റിയോടെ ലഭ്യമാകുന്നത്. തമിഴ് ചിത്രം ലിയോ ഇൻ്റർനെറ്റിൽ ചോർന്നതും നടപടി കൈക്കൊണ്ട് തൊട്ടുപിന്നാലെ രണ്ടാമതും ചോർന്നതായി റിപ്പോർട്ടുകളെത്തിയതും വാർത്തകളിൽ നിറഞ്ഞതാണ്. 'ൻ്റെ ഇക്കാക്കാക്കൊരു പ്രേമോണ്ടാന്ന്', 'ഗുരുവായൂർ അമ്പല നടയിൽ' തുടങ്ങിയ ചിത്രങ്ങളും റിലീസിനെത്തി മണിക്കൂറുകൾക്കകം ഇൻ്റർനെറ്റിൽ ലഭ്യമായി. റിലീസ് ദിവസം തന്നെ തിയേറ്ററിൽ നിന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വ്യാജ പതിപ്പ് പുറത്ത് വിടുന്ന സംഘത്തിലെ പ്രധാനിയാണ് ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട കെസിൽ അറസ്റ്റിലായത്.
മെയ് 16ന് റിലീസ് ചെയ്‌ത ചിത്രത്തിൻറെ മൊബൈൽ ഫോൺ പതിപ്പ് അന്ന് വൈകിട്ട് തന്നെ ടെലഗ്രാമിൽ ലഭ്യമായി തുടങ്ങിയിരുന്നു. തുടർന്ന് സുപ്രിയ മേനോൻ ഉൾപ്പെടെ ചിത്രത്തിൻറെ നിർമാതാക്കൾ സൈബർ പൊലീസിൽ നൽകിയ പരാതിയിലായിരുന്നു അറസ്റ്റുണ്ടായത്. വ്യാജ പതിപ്പിൻറെ ഫോറൻസിക് പരിശോധനയിൽ സിനിമ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം എരീസ് പ്ലക്‌സ് തിയറ്ററിൽ നിന്നാണെന്ന് തെളിഞ്ഞതോടെ അന്വേഷണത്തിന് ജീവൻവച്ചു തുടങ്ങി. പിന്നാലെ തിരുവനന്തപുരത്ത് എരീസ് പ്ലക്‌സ് തീയറ്ററിലെത്തിയ സൈബർ പൊലീസ് സംഘം തീയേറ്ററിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പരിശോധനയിൽ ആറ് സീറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്‌ത് പ്രതി സിനിമ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിൻറെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സീറ്റിലെ കപ്പ് ഹോൾഡറിൽ ഫോണിൻറെ ക്യാമറ ഓണാക്കിയ ശേഷമായിരുന്നു ചിത്രീകരണം. ആപ്പ് വഴി ബുക്ക് ചെയ്‌ത ടിക്കറ്റുകളിൽ നിന്നും പൊലീസിന് മൊബൈൽ നമ്പർ ലഭിച്ചു. ധനുഷ് ചിത്രം രായന് ഇതേ നമ്പറിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്തതോടെയാണ് പ്രതി പിടിയിലായത്.
ഇത്തരത്തിൽ സിനിമകൾ ചോരുന്നത് സിനിമയുടെ നിർമ്മാതാക്കൾ മുതൽ തിയേറ്റർ ഉടമകൾക്ക് വരെയുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം വളരെ വലുതാണ്. ധാരാളം സമയവും ഊർജവും പണവും ചെലവഴിച്ചാണ് ഓരോ സിനിമയുമുണ്ടാക്കുന്നത്. പൈറസി വഴി സ്വന്തമാക്കുന്നവർ അത് യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിപ്പിക്കുന്നു. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് പൈറസി ലംഘനം വഴി സിനിമ വ്യവസായത്തിനുണ്ടാകുന്നത് എന്നാണ് കേന്ദ്ര സർക്കാർ കണക്ക്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് പൈറേറ്റഡ് കണ്ടന്റ് നീക്കം ചെയ്യാൻ ശേഷിയുള്ള സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതും അടുത്തിടെയാണ്. പാർലമെന്റിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ 2023ന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നല്ല സിനിമകൾക്കും സിനിമ വ്യ്വസായത്തിനു തന്നെയും ഇത്തരം പ്രവണതകൾ വലിയ ഭീഷണിയാണ്. നിയമങ്ങൾ ശക്തമായിട്ടും നടപടികളെടുത്തിട്ടും ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നുണ്ടെങ്കിൽ പിന്നെ എന്താണ് ചെയ്യാനാവുക. ആത്യന്തികമായി വ്യാജ പതിപ്പുകൾ കാണില്ലെന്ന് പ്രേക്ഷകനെടുക്കുന്ന തീരുമാനം മാത്രമേ ഒരളിവിലെങ്കിലും ഇത്തരം നിയമലംഘനങ്ങൾക്ക് തടയിടുകയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം