സമ്പര്‍ക്കം വഴി രണ്ട് കൊവിഡ് കേസുകള്‍ കൂടി; ജാഗ്രത കൈവിടാതെ മൂന്നാറും മലയോരവും

കൊവിഡ് പിടിപെട്ട ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രി അണുവിമുക്തമാക്കി വീണ്ടും പ്രവര്‍ത്തം ആരംഭിച്ചെങ്കിലും രോഗികളുടെ പരിശോധന ഉള്‍പ്പെടെയുള്ളവ ആരംഭിച്ചിട്ടില്ല.

Two more positive cases were confirmed in Munnar through contact

മൂന്നാർ: സമ്പര്‍ക്കം വഴി രണ്ട് പോസിറ്റീവ് കേസുകള്‍ കൂടി മൂന്നാറില്‍ സ്ഥിരീകരിച്ചു. മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും സമ്പര്‍ക്കം വഴിയായാണ് രോഗം പകര്‍ന്നത്. ആശുപത്രിയിലെ ജീവനക്കാരന്റെ വീട്ടിലുള്ള രണ്ടു പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇവരെ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുവാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഇതോടു കൂടി ഈ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും രോ​ഗം പിടിപെട്ട ഒന്‍പതാമത്തെ പോസിറ്റീവ് കേസാണിത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും സമ്പര്‍ക്കം വഴി നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ച്ചയായുള്ള ദിവസങ്ങളിൽ കൊവിഡ് പടര്‍ന്നതോടെ മൂന്നാറിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഡോക്ടറിന് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയും മൂന്നാറും ഉള്‍പ്പെടുന്ന ടൗണ്‍ വാര്‍ഡ് കണ്ടയ്ന്‍മെന്റ് സോണ്‍ ആക്കിയിരുന്നു. 

ഏഴു ദിവസത്തെ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ചയാണ് അവസാനിച്ചത്. എന്നാല്‍ ‌രോഗം കണ്ടെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രങ്ങള്‍ തുടരുവാന്‍ തന്നെയാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

കൊവിഡ് പിടിപെട്ട ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രി അണുവിമുക്തമാക്കി വീണ്ടും പ്രവര്‍ത്തം ആരംഭിച്ചെങ്കിലും രോഗികളുടെ പരിശോധന ഉള്‍പ്പെടെയുള്ളവ ആരംഭിച്ചിട്ടില്ല. അതുപോലെ കഴിഞ്ഞ ദിവസം നഴ്‌സിന് രോഗം സ്ഥിരീകരിച്ചതോടെ രണ്ടു ദിവസങ്ങളായി അടച്ചു പൂട്ടിയിരുന്ന ദേവികുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തിങ്കളാഴ്ച വീണ്ടും പ്രവര്‍ത്തനമാരംഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios