'വിഷുവിന് വിൽക്കാൻ വെച്ചതാ സാറേ, എല്ലാം വെട്ടി'; വയനാട്ടിൽ വാഴക്കുല മോഷണം, രണ്ടുപേർ പിടിയിൽ
ആറാം തീയതിയാണ് മാടത്തും പാറ എന്ന സ്ഥലത്ത് പരാതിക്കാരനായ പ്രഭാകരനും സുഹൃത്തും പാട്ടകൃഷി ചെയ്യുന്ന സ്ഥലത്തു നിന്നും വെട്ടി വിൽക്കാറായ വാഴക്കുലകൾ മോഷണം പോയത്.
കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിൽ മാടത്തുംപാറയിൽ പാട്ട കൃഷി ചെയ്യുന്ന കർഷകരുടെ 3000 രൂപയോളം വില മതിക്കുന്ന വാഴക്കുല മോഷ്ടിച്ചെന്ന പരാതിയിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കാപ്പിക്കളം അയ്യപ്പൻകുന്ന് വീട്ടിൽ എം.സി. ചന്ദ്രൻ (58) മാടത്തുപാറ കോളനിയിലെ മുരളി എന്ന വീരൻ (30) എന്നിവരെയാണ് പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്.ഒ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ആറാം തീയതിയാണ് മാടത്തും പാറ എന്ന സ്ഥലത്ത് പരാതിക്കാരനായ പ്രഭാകരനും സുഹൃത്തും പാട്ടകൃഷി ചെയ്യുന്ന സ്ഥലത്തു നിന്നും വെട്ടി വിൽക്കാറായ വാഴക്കുലകൾ മോഷണം പോയത്. വിഷു വിപണിയിലേക്ക് കണക്കാക്കി കൃഷി ചെയ്തിരുന്ന വാഴക്കുലകളാണ് കള്ളന്മാർ വെട്ടിക്കൊണ്ടുപോയത്. സബ് ഇൻസ്‌പെക്ടർ രാജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, അജിനാസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.