മതിലകത്ത് ദേശീയപാതയിൽ കൂട്ടിയിടിച്ച് ചരക്ക് ലോറികൾ, 3 പേർക്ക് പരിക്ക്
എതിർ ദിശയിൽ നിന്ന് എത്തിയ ലോറികൾ മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
തൃശൂര്‍: ദേശീയപാത 66 ൽ മതിലകം സെൻ്ററിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തെക്കോട്ട് പോയിരുന്ന ലോറിയുടെ ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ജനാർദ്ദനൻ (41), രണ്ടാമത്തെ ലോറിയിലുണ്ടായിരുന്ന അഷറഫ് (43), ശരൺ(22) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ മിറക്കിൾ, ആക്ട്‌സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലേ മുക്കാലോടെ മതിലകം പൊലീസ് സ്‌റ്റേഷന് തെക്ക് ഭാഗത്ത് ആയിരുന്നു അപകടം. രണ്ട് ലോറികളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്. മതിലകം പൊലീസ് സ്ഥലത്തെത്തിയിരുന്നു. എതിർ ദിശയിൽ നിന്ന് എത്തിയ ലോറികൾ മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മറ്റൊരു അപകടത്തിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. അപകടത്തിൽ ഇവരുടെ ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിൽ വച്ചായിരുന്നു അപകടമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം