കൊവിഡ് 19: മലപ്പുറം ജില്ലയിൽ മൂന്ന് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
ജിദ്ദയിൽ ജോലി ചെയ്യുന്ന വെള്ളയൂർ സ്വദേശി കണ്ണിനുള്ള ചികിത്സയ്ക്കായി മെയ് 13 ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. മെയ് 14 മുതൽ സ്വന്തം വീട്ടിൽ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണം ആരംഭിച്ചു.
മലപ്പുറം: ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ കൊളാബയിൽ നിന്നെത്തിയ എടപ്പാൾ പോത്തന്നൂർ സ്വദേശിയായ 49 കാരൻ, മുംബൈയിലെ വർളിയിൽ നിന്നെത്തിയ മുന്നിയൂർ ചിനക്കൽ സ്വദേശിയായ 48 കാരൻ, ജിദ്ദയിൽ നിന്നെത്തിയ കാളികാവ് വെള്ളയൂർ സ്വദേശിയായ 34 കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂവരും കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.
മുംബൈയിലെ കൊളാബയിൽ ഇളനീർ വിൽപ്പനക്കാരനാണ് പോത്തന്നൂർ സ്വദേശി. മെയ് 12 ന് സ്വകാര്യ വാഹനത്തിൽ സർക്കാർ അനുമതിയോടെ യാത്രചെയ്ത് മെയ് 13 ന് വീട്ടിലെത്തി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മൂക്കടപ്പിനെ തുടർന്ന് മെയ് 16 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുമായി സമ്പർക്കമുണ്ടായ ഭാര്യ, രണ്ട് മക്കൾ, ഭാര്യാ സഹോദരൻ, മാതാവ് എന്നിവരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ജിദ്ദയിൽ ജോലി ചെയ്യുന്ന വെള്ളയൂർ സ്വദേശി കണ്ണിനുള്ള ചികിത്സയ്ക്കായി മെയ് 13 ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. മെയ് 14 മുതൽ സ്വന്തം വീട്ടിൽ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണം ആരംഭിച്ചു. ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 16 ന് 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുമായി സമ്പർക്കമുണ്ടായ സഹോദരൻ, പിതാവ്, മാതാവ് എന്നിവർ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
മുംബൈയിലെ വർളിയിൽ ഇളനീർ വിൽപ്പനക്കാരനായ ചിനക്കൽ സ്വദേശി, സർക്കാർ അനുമതിയോടെ മെയ് 12 ന് സ്വകാര്യ വാഹനത്തിൽ യാത്ര ആരംഭിച്ച് മെയ് 14 ന് പുലർച്ചെ മുന്നിയൂരിലെ വീട്ടിലെത്തി. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം പ്രത്യേക നിരീക്ഷണം ആരംഭിച്ചു. എന്നാൽ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 16 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുമായി സമ്പർക്കമുണ്ടായ ഭാര്യ, മൂന്ന് മക്കൾ എന്നിവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി. 26 പേരാണ് രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാൾ ആലപ്പുഴ സ്വദേശിനിയാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ സ്വന്തം വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.