പിടിയിലായത് കവലയൂർ ജംഗ്ഷനിലെ മൊബൈല്‍ കടയിലെ മോഷണത്തിന്, പിന്നാലെ തെളിഞ്ഞത് മോഷണ പരമ്പര, 3 പേര്‍ പിടിയില്‍
ശനിയാഴ്ച രാത്രി കവലയൂർ ജംഗ്ഷനിലെ മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്
വര്‍ക്കല: തിരുവനന്തപുരം വർക്കല, കവലയൂർ പ്രദേശങ്ങളിലെ മോഷണ പരമ്പരയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം മൂന്ന് പേർ പിടിയിൽ. മൊബൈൽ കടയിലെ മോഷണ കേസിലാണ് വെട്ടൂർ സ്വദേശിയായ 19കാരനും സംഘവും പിടിയിലായത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൂടുതൽ കേസുകളിൽ ഇവർ പ്രതികളെന്ന് പൊലീസ് കണ്ടെത്തി. ശനിയാഴ്ച രാത്രി കവലയൂർ ജംഗ്ഷനിലെ മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്.
മൊബൈൽ ഫോണുകളും, ഹെഡ്സെറ്റും പെൻ ഡ്രൈവ്, മെമ്മറി കാർഡുകളും ഉൾപ്പെടെ 37000 രൂപയുടെ സാധനങ്ങളാണ് കടയിൽ നിന്ന് മോഷണം പോയത്. വിരലടയാള വിദഗ്ദരുടേയും ഡോഗ് സ്കോഡിന്റെയും സഹായത്തോടുകൂടിയും, സിസിടിവി ക്യാമറകൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലും പ്രതികളെ തിരിച്ചറിഞ്ഞു. പിന്നാലെ വെട്ടൂർ സ്വദേശിയായ 19കാരൻ ബിച്ചുവെന്ന അഭിജിത്തിനെയും കൂട്ടാളികളെയും പിടികൂടി. പിടിയിലായ മറ്റ് രണ്ട് പേർക്കും പതിനാറ് വയസ്സ് മാത്രമേയുള്ളൂ. അന്വേഷണത്തിൽ കൂടുതലിടങ്ങളിൽ സംഘം മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി.
ശനിയാഴ്ച രാത്രി കവലയൂരിൽ ജംഗ്ഷനിലെ മറ്റൊരു മൊബൈൽ കടയിൽ നിന്ന് 15000 രൂപയുടെ സാധനങ്ങൾ കവർന്നതും ഇവർ തന്നെയെന്നാണ് കണ്ടെത്തൽ. ഒരാഴ്ച മുമ്പ് കവലയൂർ വില്ലുമംഗലം ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടി പൊളിച്ചും കാണിക വഞ്ചി പൊട്ടിച്ചും അയ്യായിരത്തോളം രൂപ കവർന്നതും ഈ സംഘം തന്നെയെന്ന് പൊലീസ് കണ്ടെത്തി. പ്രായപൂർത്തിയാവാത്ത രണ്ടു പ്രതികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. അറസ്സ് ചെയ്ത പ്രധാന പ്രതി അഭിജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം