Asianet News MalayalamAsianet News Malayalam

ഒരു ലക്ഷം രൂപ കൈക്കൂലി; നഗരസഭ അസിസ്റ്റൻറ് എൻജിനീയറുടെ അറസ്റ്റിന് പിന്നാലെ നഗരസഭ ചെയർമാൻ രാജിക്കൊരുങ്ങുന്നു

തൊടുപുഴയ്ക്ക് സമീപം കുമ്മംകല്ലിലുള്ള സ്വകാര്യ സ്കൂളിന്റെ ഫിറ്റ്നസ് ആവശ്യത്തിനായി ഒരു മാസം മുമ്പ് അപേക്ഷ നൽകി. പരിശോധന നടത്തിയെങ്കിലും ഫിറ്റ്നസ് നൽകfയില്ല. തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജാണ് ഇവരോട് എഇ യ്ക്ക് പണം നൽകിയാൽ ഫിറ്റ്നസ് കിട്ടുമെന്ന് പറഞ്ഞത്. 

Thodupuzha municipal chairman may resign today after the assistant engineer got arrested for bribery
Author
First Published Jul 2, 2024, 8:49 AM IST

ഇടുക്കി: കൈക്കൂലി കേസിൽ വിജിലൻസ് പ്രതി ചേർത്ത തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഇന്ന് രാജിവയ്ക്കും. കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് അസിസ്റ്റന്റ് എൻജിനിയർ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സ്കൂൾ അധികൃതർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലൻസ്, ചെയർമാനെ രണ്ടാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 
കേസിൽ വിജിലൻസിന് മുമ്പാകെ ഇന്ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിരുന്നു. 

ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ചേർന്ന സിപിഐ എം മുനിസിപ്പൽ പാർലമെന്ററി പാർട്ടി യോഗത്തിൽ ചെയർമാൻ സനീഷ് ജോർജ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. അന്വേഷണ വിധേയമായി മാറിനിൽക്കണമെന്നായിരുന്നു പാർട്ടി തീരുമാനവും. സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റൻറ് എൻജിനീയർ അജി സി.റ്റിയും ഇടനിലക്കാരനായി പ്രവർത്തിച്ച കോൺട്രാക്ടർ റോഷനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 

സംഭവത്തിൽ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി കേസെടുത്തിരുന്നു. നഗരസഭ ചെയർമാൻ സനീഷ് ജോർജാണ് ഇവരോട് എ.ഇയ്ക്ക് പണം നൽകിയാൽ മതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് ഇവരോട് പറഞ്ഞുവെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടർന്ന് അറസ്റ്റിലായ മറ്റു പ്രതികളുടെ ചോദ്യം ചെയ്യലിലും ഇതു ബലപ്പെടുത്തുന്ന വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ന് നടക്കുന്ന ചോദ്യം ചെയ്യൽ. കൂടുതൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ ചെയർമാനെ അറസ്റ്റു ചെയ്യുന്ന കാര്യ തീരുമാനിക്കുകയുള്ളു ഡിവൈ.എസ്.പി പറഞ്ഞു.

ഒരു മാസം മുമ്പ് നൽകിയ അപേക്ഷ
ഇടനിലക്കാരൻ മുഖേന നഗരസഭയിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. തൊടുപുഴയ്ക്ക് സമീപം കുമ്മംകല്ലിലുള്ള സ്വകാര്യ സ്കൂളിന്റെ ഫിറ്റ്നസ് ആവശ്യത്തിനായി ഒരു മാസം മുമ്പ് അപേക്ഷ നൽകിയിരുന്നു. എ.ഇ ഇവിടെയത്തി പരിശോധന നടത്തിയെങ്കിലും ഫിറ്റ്നസ് നൽകാൻ തയാറായില്ല. പിന്നീട് സ്കൂൾ അധികൃതർ പല തവണ സർട്ടിഫിക്കറ്റിനായി സമീപിച്ചെങ്കിലും നൽകിയില്ല. തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജാണ് ഇവരോട് എ.ഇ യ്ക്ക് പണം നൽകിയാൽ മതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് ഇവരോട് പറഞ്ഞത്. ഇതനുസരിച്ച് എ.ഇ യെ ചെന്നു കണ്ടപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. 

ഇത്രയും ഭീമമായ തുകയായതിനാൽ സ്കൂൾ മാനേജർ വിദേശത്തുള്ള സ്കൂളിന്റെ ഉടമയെ ബന്ധപ്പെട്ടു. ഇദ്ദേഹവും അസിസ്റ്റന്റ് എൻജിനീയറുമായി ബന്ധപ്പെട്ടെങ്കിലും കൈക്കൂലി ആവശ്യത്തിൽ എ.ഇ ഉറച്ചു നിന്നു. തുടർന്ന് അജിയുടെ സുഹൃത്ത് റോഷൻ വഴിയാണ് പണം കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. ആദ്യം പണവുമായി എ.ഇ യുടെ മുറിയിലെത്തിയെങ്കിലും ഇവിടെ സി.സി ടി.വിയുള്ളതിനാൽ മറ്റൊരിടത്ത് വെച്ച് വാങ്ങുകയായിരുന്നു. സ്കൂൾ മാനേജരുടെ പരാതിയിലാണ് നടപടി.

ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ  നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്. സംഭവത്തെ തുടർന്ന് പ്രതിപക്ഷ പാർട്ടികളായ യു.ഡി.എഫിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. ഇതേ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ് ചെയർമാനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. തുടർന്നാണ് അന്വേഷണം നടത്തും വരെ രാജി വയ്ക്കാൻ ആവശ്യപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios