ഷോർട്ട് സർക്യൂട്ട് ഭയന്ന് സിസിടിവി ഓഫാക്കി, തുണിക്കടയിൽ മോഷണം, കവർന്നത് 5 ലക്ഷം രൂപയുടെ തുണികളും പണവും
പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫിസിനും സമീപത്തുള്ള കടയിലാണ് മോഷണം നടന്നത്. പാന്റ്‌സ്, ഷർട്ട്, മാക്‌സി അടിവസ്ത്രങ്ങൾ എന്നിവയടക്കം അഞ്ചുക്ഷം രൂപ വിലവരുന്ന തുണിത്തരങ്ങൾ കളവു പോയി.
മലപ്പുറം: പെരിന്തൽമണ്ണയിൽ ടെക്സ്റ്റെയിൽ ഷോറൂമിൽ വൻ മോഷണം. പെരിന്തൽമണ്ണ ടൗണിൽ ഡി.വൈ.എസ്.പി ഓഫിസിനു സമീപമുള്ള വിസ്മയ സിൽക്‌സിലാണ് ചൊവ്വാഴ്ച മോഷണം നടന്നത്. പാന്റ്‌സ്, ഷർട്ട്, മാക്‌സി അടിവസ്ത്രങ്ങൾ എന്നിവയടക്കം അഞ്ചുക്ഷം രൂപ വിലവരുന്ന തുണിത്തരങ്ങൾ കളവു പോയതായാണ് പ്രാഥമിക നിഗമനം. കടയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായി.
എത്ര തുക നഷ്ടപ്പെട്ടുവെന്നതിൽ വ്യക്തത വരാനുണ്ട്. കടയുടെ മുകൾഭാഗത്ത് സീലിംഗ് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. രാവിലെ ഒൻപതിന് ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. ക്യാഷ് കൗണ്ടർ, ഫയലുകൾ എന്നിവ വാരിവലിച്ചു പുറത്തിട്ട നിലയിലായിരുന്നുണ്ടായിരുന്നത്.
മേലാറ്റൂർ സ്വദേശികളുടേതാണ് വിസ്മയ സിൽക്‌സ്. ഷോറൂമിന്റെ പിൻഭാഗത്ത് പാർക്കിങ് ഏരിയയാണ്. ഇതിലൂടെ കെട്ടിടത്തിന് മുകളിലെ ഷീറ്റിന്റെ ക്ലാമ്പ് ഇളക്കി മാറ്റി സീലിംഗ് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. സീലിംഗ് പൊളിച്ച് ഇറങ്ങിയപ്പോൾ ചവിട്ടിയതിൽ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. മോഷ്ടാക്കൾ കടയിലെ മറ്റൊരു വാതിൽ വഴി പുറത്ത് പോയതായാണ് പൊലീസ് നിരീക്ഷണം.
കടയ്ക്ക് തൊട്ട് സമീപം തന്നെയാണ് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫിസും സ്ഥിതി ചെയ്യുന്നത്. കടയിൽ സി.സി.ടി.വി ഉണ്ടെങ്കിലും പഴയ കെട്ടിടമായതിനാൽ കാലപ്പഴക്കം ചെന്ന വയറിങ് ആണ്. ഷോർട്ട് സർക്യൂട്ട് ഭയന്ന് രാത്രി ഒൻപതിന് കട അടക്കുമ്പോൾ വൈദ്യുതി യുടെ മെയിൻ സ്വിച്ച് ഓഫാക്കി വെക്കുന്നതിനാൽ രാത്രി സി.സി.ടി.വി പ്രവർത്തിക്കാറില്ല. വിരലടയാള വിദഗ്ദർ സംഭവ സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം