സിസിടിവി തകര്‍ത്തും പൂട്ട് പൊളിച്ചും ഒറ്റ രാത്രി കൊണ്ട് 14 സ്ഥലങ്ങളിൽ മോഷണം; ഒരിടത്ത് മോഷ്ടാവിന്റെ രക്തക്കറയും
മോഷ്ടാവ് എത്തിയതെന്ന് കരുതുന്ന ബൈക്കും ഷട്ടറുകളും പൂട്ടും പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങളുമെല്ലാം സ്ഥലത്തു നിന്ന് പിടികൂടിയിട്ടുണ്ട്.
കോഴിക്കോട്: വടകര നഗരത്തിലെ കടകളില്‍ വ്യാപക മോഷണം. ന്യൂ ഇന്ത്യ ഹോട്ടലിന് സമീപത്ത് നിന്ന് മാര്‍ക്കറ്റ് റോഡിലേക്കുള്ള വനിതാ റോഡിലെ 14 കടകളിലാണ് മോഷണം നടന്നത്. ബികെ ലോട്ടറി സ്റ്റാള്‍, പിവിടി സ്റ്റോര്‍, പിഎസ് സ്റ്റോര്‍, ഹോട്ടല്‍, വിനായക സ്‌റ്റോര്‍, റംസീന സ്‌റ്റോര്‍, എന്‍എഫ് ഫൂട്ട്‌വെയര്‍, ലക്കി സ്റ്റോര്‍, നിംസ് ഫോട്ടോസ്റ്റാറ്റ്, കല്ലിങ്കല്‍ സ്‌റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷ്ടാക്കള്‍ കയറിയത്.
എന്‍എഫ് ഫൂട്ട്‌വെയറില്‍ നിന്ന് 6000 രൂപയും പിവിടി സ്റ്റോറില്‍ നിന്ന് ഒരു വാച്ചും മോഷ്ടിച്ചു. മറ്റ് കടകളില്‍ നിന്ന് വലിയ ചെറിയ തുകകളാണ് നഷ്ടമായത്. കല്ലിങ്കല്‍ സ്‌റ്റോറിലെ സിസിടിവി കാമറ മോഷ്ടാവ് അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഷട്ടറുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും ജാക്കി ലിവറും മോഷ്ടാവ് എത്തിയതെന്ന് കരുതുന്ന കെഎല്‍ 47ജി 7636 നമ്പര്‍ ഹോണ്ട ബൈക്കും പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്.
മാര്‍ക്കറ്റ് റോഡിലെ റോയല്‍ ലോട്ടറി കടയുടെ വരാന്തയില്‍ കണ്ട രക്തക്കറ മോഷ്ടാവിന്റേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വടകര പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം