ചുരം റോഡിൽ നൂറുക്കണക്കിന് കോഴി മുട്ടകൾ പൊട്ടിയൊലിച്ചു; അപകടത്തിൽപ്പെട്ടത് മുട്ട കയറ്റി എത്തിയ മിനി ലോറി
മിനി ലോറിയിലുണ്ടായിരുന്ന പകുതിയിലേറെ മുട്ടകൾ പൂർണ്ണമായും പൊട്ടി ഒലിച്ചു. ഇന്നലെ രാത്രി മറിഞ്ഞ ലോറി ഇന്നാണ് റോഡിൽ നിന്നും മാറ്റിയത്.
കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിനടുത്ത് കോഴിമുട്ട കയറ്റി വന്ന മിനി ലോറി അപകടത്തിൽപെട്ടു. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. പരിക്കേൽക്കാതെ ഡ്രൈവർ രക്ഷപെട്ടു. എന്നാൽ ലോറി മറിഞ്ഞതോടെ കോഴിമുട്ട പൊട്ടി റോഡിൽ ഒലിച്ചിറങ്ങി. ഇരുചക്രവാഹന യാത്രികർ തെന്നി വീഴുന്ന സാഹചര്യമൊഴിവാക്കാൻ ഫയർ ആൻഡ് റെസ്ക്യു ഫോഴ്‌സെത്തി വെള്ളമടിച്ച് റോഡ് വൃത്തിയാക്കി.
മിനി ലോറിയിലുണ്ടായിരുന്ന പകുതിയിലേറെ മുട്ടകൾ പൂർണ്ണമായും പൊട്ടി ഒലിച്ചു. ഇന്നലെ രാത്രി മറിഞ്ഞ ലോറി ഇന്നാണ് റോഡിൽ നിന്നും മാറ്റിയത്. അതേസമയം, മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് മേല്‍പ്പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ആശങ്കയിലാണ് നാട്ടുകാർ. മൂന്ന് ലോറികളാണ് ഇത്തവണ അപകടത്തില്‍ പെട്ടത്. തൃശൂരില്‍നിന്നും പാലക്കാട്ടേക്ക് പോകുന്ന ട്രാക്കിലാണ് അപകടം ഉണ്ടായത്. എറണാകുളത്തുനിന്നും സ്‌ക്രാപ്പ് കയറ്റി പാലക്കാട് പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെയും ഇതേ ദിശയിലേക്ക് പോകുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയുടെയും പുറകിലാണ് കണ്ടെയ്‌നര്‍ ലോറി ഇടിച്ച് കയറിയത്.
ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ക്യാബിനില്‍ ഏകദേശം ഒന്നെക്കാല്‍ മണിക്കൂറോളം കുടുങ്ങിക്കിടന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറെ പുറത്തെടുക്കാനായില്ല. തുടര്‍ന്ന് തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ലോറിയുടെ സ്റ്റിയറിങ്ങും സീറ്റും കട്ട് ചെയ്ത് എടുത്തതിനുശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഡ്രൈവര്‍ക്ക് കാലിനു മാത്രമാണ് പരുക്ക് പറ്റിയത്. ഇയാളെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലിനാണ് അപകടം ഉണ്ടായത്. മുമ്പിലെ രണ്ട് ലോറികളിലെ ഡ്രൈവര്‍മാര്‍ തമ്മില്‍ റോഡില്‍ നിര്‍ത്തിയിട്ട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതാണ് അപകടത്തിന് വഴിവച്ചത്. കണ്ടെയ്‌നര്‍ ലോറി ഇടിച്ച സ്‌ക്രാപ്പ് കയറ്റിയ ചരക്ക് ലോറി ദേശീയപാതയുടെ സംരക്ഷണഭിത്തിയില്‍ ഇടിച്ചു നിന്നതിനാല്‍ സര്‍വീസ് റൂട്ടിലേക്ക് മറയാതെ രക്ഷപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം