Asianet News MalayalamAsianet News Malayalam

'കെ റെയിൽ ഉണ്ടെങ്കിൽ, സ്വന്തം വീട്ടിൽ ഉണ്ടുറങ്ങി കേരളത്തിൽ എവിടെയും പഠിക്കാൻ കുട്ടികൾക്ക് കഴിയില്ലേ?'

ശക്തമായ പ്രതിഷേധവും കേന്ദ്രാനുമതി ലഭിക്കാത്തതും മൂലം നടപടികൾ മരവിപ്പിച്ച കെ റെയിൽ പദ്ധതിയെ പിന്തുണച്ച് വീണ്ടും കുറിപ്പുമായി സന്ദീപാനന്ദഗിരി

Swami Sandeepananda Giri Again about k rail silver line project ppp
Author
First Published May 23, 2023, 5:05 PM IST | Last Updated May 23, 2023, 5:12 PM IST

തിരുവനന്തപുരം: ശക്തമായ പ്രതിഷേധവും കേന്ദ്രാനുമതി ലഭിക്കാത്തതും മൂലം നടപടികൾ മരവിപ്പിച്ച കെ റെയിൽ പദ്ധതിയെ പിന്തുണച്ച് വീണ്ടും കുറിപ്പുമായി സന്ദീപാനന്ദഗിരി. കെ റെയിൽ പോലുള്ള അതിവേഗ റെയിൽ സംവിധാനം തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉണ്ടായിരുന്നെങ്കിൽ കുട്ടികൾക്ക് വീട് വിട്ട് നിൽക്കാതെ കേരളത്തിലെ ഏത് കോളേജിലും പഠിക്കാൻ സാധിക്കുമായുരന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

നമ്മുടെ കുട്ടികൾക്ക് വീട് വിട്ട് നിൽക്കാതെ അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് വൈകുന്നേരം സ്വന്തം വീട്ടിൽ വീട്ടുകാരോടൊപ്പം കിടന്നുറങ്ങി വിദേശ രാജ്യങ്ങളിലെപ്പോലെ പഠിക്കാൻ കഴിയുമായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. കേരളത്തിന്റെ പുതിയ തലമുറ 'നമ്മുടെ നാടിന്റെ വികാസമാണ്, വ്യക്തിയുടെ വികാസമെന്ന് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.

സന്ദീപാനന്ദഗിരിയുടെ കുറിപ്പ്

കെ റെയിൽ പോലുള്ള അതിവേഗ ട്രെയിൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 10 മിനുട്ട് ഇടവിട്ട് ഓടാനുണ്ടായിരുന്നെങ്കിൽ, അകലങ്ങളില്ലാതെ കേരളത്തിലെ ഏത് കോളേജുകളിലും സ്കൂളുകളിലും നമ്മുടെ കുട്ടികൾക്ക് വീട് വിട്ട് നിൽക്കാതെ അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് വൈകുന്നേരം സ്വന്തം വീട്ടിൽ വീട്ടുകാരോടൊപ്പം കിടന്നുറങ്ങി വിദേശ രാജ്യങ്ങളിലെപ്പോലെ പഠിക്കാൻ കഴിയില്ലേ? കേരളത്തിന്റെ പുതിയ തലമുറ ഇത് തിരിച്ചറിയുന്നു. 'നമ്മുടെ നാടിന്റെ വികാസമാണ്, വ്യക്തിയുടെ വികാസമെന്ന്' 

സിൽവർ ലൈൻ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിർപ്പും പരിഹരിക്കും. 50 വർഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയിൽ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിലും നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് കെ റെയില്‍ വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് വിശദീകരണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പത് വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി.

2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡി.പി.ആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ.റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു.  പദ്ധതി കടന്ന് പോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും കെ റെയിൽ പറഞ്ഞിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios