'കോണിക്കൂട്ടിലെ സ്നേഹപ്രകടനം വേണ്ട'; സദാചാര പൊലീസായി നാട്ടുകാർ, ഫ്ലക്സിന് വിദ്യാർത്ഥികളുടെ ചുട്ട മറുപടി
'അഞ്ചുമണിക്ക് ശേഷം വിദ്യാർഥികളെ ഈ പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യുമെന്ന്' ഓർമ്മിപ്പിയ്ക്കുന്ന ബോർഡ് സ്ഥാപിച്ചത് എടവണ്ണ ജനകീയ കൂട്ടായ്മയുടെ പേരിലാണ്. കഴിഞ്ഞ ദിവസമാണ് ബോർഡ് സ്ഥാപിച്ചത്. അടുത്തിരുന്നാലും സംസാരിച്ചാലും സദാചാര നോട്ടത്തോടെ എത്തുന്നവർക്ക് മറുപടിയുമായി വിദ്യാർത്ഥികളും ഫ്ലക്സുമായെത്തി.
എടവണ്ണ: 'വിദ്യാർഥികൾ ജാഗ്രത പാലിക്കണം' അഞ്ചുമണിക്ക് ശേഷം ഈ പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യും, മലപ്പുറം ജില്ലയിലെ എടവണ്ണ ബസ് സ്റ്റാൻഡിൽ സദാചാര പൊലീസിന്റെ മുന്നറിയിപ്പ് ബോർഡ്. ഈ നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടാത്തവർക്ക് ചുട്ട മറുപടിയുമായി വിദ്യാർത്ഥികളും. ഒടുവിൽ പ്രശ്നം വഷളാകാതെ എടവണ്ണ പൊലീസ് എത്തി രണ്ട് ഫ്ലക്സ് ബോർഡുകളും എടുത്തുമാറ്റി. വിദ്യാർഥികൾക്കൊരു മുന്നറിയിപ്പ് എന്ന പേരിൽ മലപ്പുറം എടവണ്ണ ബസ്‌സ്റ്റാൻഡിന് മുമ്പിൽ പ്രത്യക്ഷപെട്ട ബോർഡ് സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു.
'അഞ്ചുമണിക്ക് ശേഷം വിദ്യാർഥികളെ ഈ പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യുമെന്ന്' ഓർമ്മിപ്പിയ്ക്കുന്ന ബോർഡ് സ്ഥാപിച്ചത് എടവണ്ണ ജനകീയ കൂട്ടായ്മയുടെ പേരിലാണ്. കഴിഞ്ഞ ദിവസമാണ് ബോർഡ് സ്ഥാപിച്ചത്. അടുത്തിരുന്നാലും സംസാരിച്ചാലും സദാചാര നോട്ടത്തോടെ എത്തുന്നവർക്ക് മറുപടിയുമായി വിദ്യാർത്ഥികളും ഫ്ലക്സുമായെത്തി. ആധുനിക ഡിജിറ്റൽ സ്കാനറുകളെ വെല്ലുന്ന നോട്ടമുള്ള സദാചാര അങ്ങളമാർ പുതിയ കാലത്തേക്ക് ഒന്ന് എത്തി നോക്കണമെന്നാണ് വിദ്യാർത്ഥികളുടെ മറുപടി. ഫ്ലക്സിലെ പോര് കൈയ്യാങ്കളിയിലേക്ക് പോകുന്നതിന് മുമ്പ് ഇന്ന് വൈകുന്നേരത്തോടെ പൊലീസ് എത്തി ബോർഡ് എടുത്തുമാറ്റിയിട്ടുണ്ട്.
സദാചാര പൊലീസ് ആകാൻ ആരെയും അനുവദിക്കില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എടവണ്ണ പാലീസ് പറഞ്ഞു.എടവണ്ണ ഓറിയൻറൽ ഹയർ സെക്കൻഡറി സ്‌കൂൾ അടക്കം നാലിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എടവണ്ണയിലുണ്ട്. ഇവിടെയുള്ള വിദ്യാർഥികളും വിദ്യാർഥിനികളും ബസ് സ്റ്റാൻഡിന്റെ പരിസരത്തും മറ്റും കൂട്ടംകൂടി നിൽക്കുന്നത് പതിവാണ്. ഇതിനെതിരെയാണ് സദാചാര കാഴ്ചപ്പാടോടെ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
'വിദ്യാർത്ഥികൾക്കൊരു മുന്നറിയിപ്പ്, കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്‌നേഹപ്രകടനം കാഴ്ച്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാർഥികളോട് ഞങ്ങൾക്കൊന്നേ പറയാനൊള്ളു. ഇനിമുതൽ ഇത്തരം ഏർപ്പാടുകൾ ഇവിടെ വെച്ച് വേണ്ട. വേണമെന്ന് നിർബന്ധമുളളവർക്ക് താലി കെട്ടി കൈപിടിച്ചു വീട്ടിൽ കൊണ്ട് പോയി തുടരാവുന്നതാണ് മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോവുന്നവരെ ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന് നന്നായിട്ടറിയാം. ആയതിനാൽ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാർത്ഥികളെ കാണാനിടവന്നാൽ അവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏൽപിക്കുന്നതുമാണ്
ഇത് സദാചാര ഗുണ്ടായിസമല്ല..വളർന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്. എടവണ്ണ ജനകീയ കൂട്ടായ്മ''- എന്നായിരുന്നു അദ്യം പ്രത്യക്ഷപ്പെട്ട ബോർഡ്.
ഇതിന് പിന്നാലെ വിദ്യാർത്ഥികള്‍ സദാചാരക്കാർക്ക് മറുപടിയുമായി എത്തി.
'ആധുനിക ഡിജിറ്റൽ സ്കാനറിനെ തോൽപ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ്റ്റ് സ്റ്റാന്‍റിലേയും പരിസരത്തെയും കോണിക്കോടിലേക്ക് സദാചാര ആങ്ങളമാർ ടോർച്ചടിക്കുന്നതിന് മുമ്പ് ആണപെണ്‍ വിദ്യാസമില്ലാതെ അവനവന്‍റെ മക്കള്‍ കൈകാര്യം ചെയ്യുന്ന മൊബൈലും വാട്ട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഒക്കെ ഒന്ന് തിരഞ്ഞ് നോക്കമം. വിദ്യാർത്ഥികള്‍ക്ക് 7 എഎം മുതൽ 7 പിഎം വരെയാണ് കണ്‍സെഷൻ സമയം എന്നറിയാതെ 5 മണി കഴിഞ്ഞ് ബസ് സ്റ്റാന്‍റിലും പരിസരത്തും കണ്ടാൽ കൈകാര്യം ചെയ്തു കളയുമെന്ന് ആഹ്വാനം ചെയ്യാനും ബോർഡ് വെയ്ക്കാനുംലഒരു വ്യക്തിക്കോ, സമൂഹത്തിനോ അധികാരവും അവകാശവും നിയമവുമില്ലെന്ന് സദാചാര കമ്മറ്റിക്കാർ ഓർക്കണം. വിദ്യാർത്ഥി പക്ഷം, എടവണ്ണ'- പോസ്റ്ററുകൊണ്ട് തന്നെ വിദ്യാർത്ഥികളും മറുപടി നല്‍കി.
കഴിഞ്ഞ വർഷം ജൂലൈയിൽ തലസ്ഥാന നഗരമായ തിരുവനന്തപുരത്തും സദാചാരക്കാർക്ക് വിദ്യാർത്ഥികള്‍ മറുപടിയുമായെത്തിയിരുന്നു. തിരുവനന്തപുരം സിഇടി എഞ്ചിനീയറിങ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു സദാചാര ഗുണ്ടായിസം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് ഒഴിവാക്കാന്‍ ബെഞ്ച് വെട്ടിപ്പൊളിച്ചായിരുന്നു സദാചാര വാദികളുടെ പ്രതികരണം. എന്നാൽ നിരവധിപ്പേര്‍ക്ക് ഒരുമിച്ചിരിക്കാന്‍ കഴിയുന്ന ഇരിപ്പിടം ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിഷ വെട്ടിപ്പൊളിച്ച സദാചാര പൊലീസുകാർക്ക് മടിയിരുന്നാണ് മറുപടി നല്‍കിയത്. സംഭവം വിവാദമായതോടെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് പുതിയ കാത്തിരിപ്പ് കേന്ദ്രം പണിത് നഗരസഭയും സദാചാരക്കാർക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.