വീട്ടിൽ കറണ്ട് കിട്ടി, ആഘോഷിക്കാൻ കൂട്ടുകാരനെ വിളിച്ചുവരുത്തിയത് ദുരന്തമായി; പാറക്കുളത്തിൽ ജീവൻ നഷ്ടം
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും വടകര പുറമേരിയില്‍ അറാം വെള്ളിയില്‍ സ്വദേശിയുമായ നടുക്കണ്ടില്‍ സൂര്യജിത്ത് (16) ആണ് മരിച്ചത്
കോഴിക്കോട്: വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ച സന്തോഷം പങ്കിടാന്‍ വിളിച്ചുവരുത്തിയ സുഹൃത്തിനൊപ്പം പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും വടകര പുറമേരിയില്‍ അറാം വെള്ളിയില്‍ സ്വദേശിയുമായ നടുക്കണ്ടില്‍ സൂര്യജിത്ത് (16) ആണ് മരിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. വീടിനടുത്തെ കരിങ്കല്‍ പാറവെട്ടിയപ്പോള്‍ രൂപപ്പെട്ട അറാംവെള്ളി കുളത്തില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു ഇരുവരും. നീന്തല്‍ വശമില്ലാതിരുന്ന സൂര്യജിത്ത് ഇതിനിടയില്‍ വെള്ളത്തില്‍ താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൂണേരി സ്വദേശിയായ വിദ്യാർഥി സമീപത്തെ ക്ലബില്‍ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തിയാണ് അപകട വിവരം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലില്‍ കുളത്തിന് അടിയിലെ ചെളിയില്‍ പുരണ്ടുപോയ നിലയില്‍ സൂര്യജിത്തിനെ കണ്ടെത്തുകയും ഉടനെ തന്നെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
വടകര ഗവ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. നടുക്കണ്ടില്‍ ശശിയുടെയും മോനിഷയുടെയും മകനാണ്. സഹോദരി: തേജാല ലക്ഷ്മി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം