Asianet News MalayalamAsianet News Malayalam

5 വർഷമായി ചികിത്സിക്കുന്ന ആർഎംഒ വ്യാജനാണെന്ന് അറിഞ്ഞില്ലെന്ന് അധികൃതർ; ഉപയോഗിച്ചത് മറ്റൊരാളുടെ രജിസ്റ്റർ നമ്പർ

ഒരു രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നപ്പോൾ മാത്രമാണ് ഡോക്ടർ എംബിബിഎസ് പാസായില്ലെന്ന് വിവരം അറിഞ്ഞതെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.

Resident medical officer has not qualified MBBS but treating patients for the last five years
Author
First Published Oct 1, 2024, 8:24 AM IST | Last Updated Oct 1, 2024, 8:24 AM IST

കടലുണ്ടി: കോഴിക്കോട് കോട്ടക്കടവില്‍ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ കടലുണ്ടി പൂച്ചേരിക്കുന്ന് സ്വദേശി പാച്ചാട്ട് വിനോദ് കുമാറാണ് മരിച്ചത്. ആശുപത്രിയില്‍ അഞ്ച് വര്‍ഷമായി ആര്‍എംഒ ആയി ചികിത്സ നടത്തിയ അബു അബ്രഹാം ലൂക്ക എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് രോഗിയുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് നെഞ്ചു വേദനയെത്തുടര്‍ന്ന് വിനോദ് കുമാറിനെ ടി.എം.എച്ച് ആശുപത്രിയില്‍ എത്തിച്ചത്. മുക്കാല്‍ മണിക്കൂറിന് ശേഷം രോഗി മരിച്ചു. മൂന്നു ദിവസത്തിനു ശേഷം ബന്ധുവിനെ കാണിക്കാനായി വിനോദ് കുമാറിന്‍റെ മകനായ ഡോ. അശ്വിന്‍ ഇതേ ആശുപത്രിയിലെത്തിയപ്പോഴാണ് എം.ബി.ബി.എസ് പാസാകാത്ത അബു അബ്രഹാം ലൂകാണ് ചികിത്സ നടത്തിയിരുന്നത് എന്ന് മനസിലായത്. തുടര്‍ന്ന് വിനോദ് കുമാറിന്‍റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചികിത്സാ പിഴവ് ബോധ്യപ്പെട്ടതായി അശ്വിന്‍ പറഞ്ഞു.

യോഗ്യതയില്ലാത്തയാളെ നിയമിച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോഴിക്കോട് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എം ബിബിഎസിനു പഠിച്ചിരുന്ന ഇയാള്‍ പരീക്ഷയില്‍ വിജയിച്ചിരുന്നില്ല. മറ്റൊരു ഡോക്ടറുടെ രജിസ്റ്റര്‍ നമ്പറാണ് അബു ആശുപത്രിയില്‍ നല്‍കിയത്. ഡോക്ടര്‍ എംബിബിഎസ് പാസാകാത്ത കാര്യം പരാതിയുയര്‍ന്നപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. സംഭവത്തില്‍ അബു അബ്രഹാം ലൂകിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ എംബിബിഎസ് പാസായിട്ടില്ലെന്ന് വ്യക്തമായതായി പോലീസും അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios