തുടയിലെ ഞരമ്പില്‍ കൂടി യുവാവില്‍ ഹൃദയവാൽവ് പിടിപ്പിച്ച് നടത്തിയ അപൂര്‍വ്വ ശസ്ത്രക്രിയ വിജയം
അശ്വിന് മൂന്നാമത്തെ തവണയാണ് ഹൃദയതകരാർ പരിഹരിക്കുന്നത്. ഒരുവയസ്സും 8 മാസവും പ്രായമുള്ളപ്പോഴാണ് ആദ്യം ഹൃദയവാൽവിൽ സുഷിരം കണ്ടെത്തിയത്. അന്ന് ശസ്ത്രക്രിയ നടത്തി സുഷിരം അടച്ചു. പിന്നീട് 8 വയസ്സായപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തി വാൽവ് പിടിപ്പിച്ചു
മാന്നാർ: തുടയിലെ ഞരമ്പിൽക്കൂടി യുവാവിൽ ഹൃദയവാൽവ് പിടിപ്പിച്ച് നടത്തിയ ശസ്ത്രക്രിയ വിജയകരമായി. ഡോ. കെ എം ചെറിയാൻ നേതൃത്വം നൽകുന്ന പരുമല സെന്റ് ഗ്രിഗോറിയോസ് കാർഡിയോ വാസ്‌കുലർ സെന്ററിലാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടന്നത്. ബംഗളുരു സ്വദേശി അശ്വിൻ (23) നാണ് തുറന്ന ശസ്ത്രക്രിയ നടത്താതെ ഹൃദയവാൽവ് പിടിപ്പിച്ചത്. കേരളത്തിൽ ഇത് ആദ്യമാണെന്നും ഡോ. കെ എം ചെറിയാൻ പറഞ്ഞു.
അശ്വിന് മൂന്നാമത്തെ തവണയാണ് ഹൃദയതകരാർ പരിഹരിക്കുന്നത്. ഒരുവയസ്സും 8 മാസവും പ്രായമുള്ളപ്പോഴാണ് ആദ്യം ഹൃദയവാൽവിൽ സുഷിരം കണ്ടെത്തിയത്. അന്ന് ശസ്ത്രക്രിയ നടത്തി സുഷിരം അടച്ചു. പിന്നീട് 8 വയസ്സായപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തി വാൽവ് പിടിപ്പിച്ചു. യുവാവിന്റെ വളർച്ചയ്ക്കനുസരിച്ച് വാൽവിൽ വളർച്ചയുണ്ടാകാതിരുന്നതുകാരണം 23-ാമത്തെ വയസ്സിൽ പുതിയ വാൽവ്വ് പിടിപ്പിക്കുകയായിരുന്നു.
നേരത്തെ 2 തവണയും തുറന്ന ശസ്ത്രക്രിയ നടത്തിയതിനാൽ വീണ്ടും ശസ്ത്രക്രിയ നടത്താൻ സാധ്യമല്ലാത്തതിനാലാണ് തുടയിലെ ധമനിയിൽ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റർ എന്ന ഉപകരണത്തിന്റെ സഹായത്തോടെ വാൽവ് ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്കുള്ള വാൽവിന് പകരമായി പിടിപ്പിച്ചത്. മുൻപ് പിടിപ്പിച്ചിട്ടുള്ള വാൽവിനുള്ളിലാണ് പുതിയ വാൽവ് പിടിപ്പിച്ചത്. 25 ലക്ഷത്തോളം രൂപയാണ് ഈ ചികിത്സയ്ക്ക് ചെലവ് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.