60 വർഷം പഴക്കമുള്ള പഞ്ചായത്ത് കിണർ ഇടിഞ്ഞുതാഴ്ന്നു; കനാലിൽ നിന്നുള്ള വെള്ളം കെട്ടിനിന്നത് കാരണമെന്ന് നാട്ടുകാർ
സബ്കനാലിലെ കലുങ്ക് മണ്ണും ചപ്പുചവറുകളും നിറഞ്ഞ് കിടന്ന് വെള്ളമൊഴുക്ക് തടസ്സപ്പെട്ട് കിണറിന് ചുറ്റും വെള്ളക്കെട്ടുണ്ടായിരുന്നു.
ചാരുംമൂട്: ആലപ്പുഴ താമരക്കുളം ചത്തിയറയിൽ പഞ്ചായത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. സമീപത്തായി കെ.ഐ.പി സബ് കനാലിൽ നിന്നുള്ള വെള്ളം ഒഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് ഉണ്ടായതായിരുന്നു കാരണം. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. താമരക്കുളം ചത്തിയറ മഠത്തിൽ മുക്കിനു സമീപമുള്ള പഞ്ചായത്ത് കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
ഇതുവഴിയുള്ള സബ്കനാലിലെ കലുങ്ക് മണ്ണും ചപ്പുചവറുകളും നിറഞ്ഞ് കിടന്ന് വെള്ളമൊഴുക്ക് തടസ്സപ്പെട്ട് കിണറിന് ചുറ്റും വെള്ളക്കെട്ടുണ്ടായിരുന്നു. പിന്നാലെ കിണർ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നു. കിണർ സ്ഥിതി ചെയ്യുന്ന ചത്തിയറ ആനന്ദഭവനം ഷിബു മോന്റെ പറമ്പിലും വെള്ളം കയറി. ഇവിടെ പുതിയ വീടിന്റെ അടിത്തറ നിർമ്മാണം നടന്നുവരികയായിരുന്നു. ഇതിനു മുൻവശത്തായാണ് പഞ്ചായത്ത് കിണറുണ്ടായിരുന്നത്.
60 വർഷത്തോളം പഴക്കമുണ്ടായിരുന്ന കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. വിരമറിഞ്ഞ് പഞ്ചായത്തംഗം എസ്. ശ്രീജയുടെ നേതൃത്വത്തിൽ നാട്ടുകാർ മണ്ണും ചപ്പുചവറുകളും നീക്കം ചെയ്തുവെങ്കിലും കലുങ്കിന് ഉൾഭാഗത്തെ തടസ്സം നീക്കാനായിട്ടില്ല. കനാലിന്റെ ഷട്ടർ താത്കാലികമായി അടച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...