Asianet News MalayalamAsianet News Malayalam

ചിമ്മിനി ഡാമിൽ പൊതുജനങ്ങൾക്ക് പ്രവേശനം; ട്രക്കിങ്, സൈക്കിളിങ്, കുട്ടവഞ്ചി യാത്ര എന്നിവയ്ക്കൊപ്പം ഡാമും കാണാം

ടോയ്ലറ്റ് ബ്ലോക്കുകളും കഫേറ്റീരിയയും ഈ മാസം തന്നെ പ്രവ‍ർത്തന സജ്ജമാവും, സൈക്ലിങിനും ട്രക്കിങിനും പുതിയ റൂട്ടുകളും തുറക്കും.

public can now enjoy the scenic beauty of chimmini dam as entry permission will be granted from 13th
Author
First Published Sep 7, 2024, 2:09 AM IST | Last Updated Sep 7, 2024, 4:45 AM IST

തൃശൂര്‍: ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം 13 മുതല്‍ ആരംഭിക്കാന്‍ ചിമ്മിനി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള ട്രക്കിങ്, സൈക്കിളിങ്, കൊട്ടവഞ്ചി യാത്ര എന്നിവയോടൊപ്പം ചിമ്മിനി ഡാം സൈറ്റിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപീകരിക്കും.
 
ചിമ്മിനി ഡാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കും കഫറ്റീരിയയും ഈ മാസംതന്നെ പ്രവര്‍ത്തന സജ്ജമാകും. പഞ്ചായത്തിന്റെ ടോയ്‌ലറ്റ് ബ്ലോക്കും ഈ മാസംതന്നെ നിര്‍മാണം പൂര്‍ത്തീകരിക്കും. ചിമ്മിനി ഡാം ടൂറിസത്തില്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കണമെന്ന് ഇറിഗേഷന്‍പഞ്ചായത്ത് അധികൃതരെ യോഗത്തില്‍ അറിയിച്ചു. ചിമ്മിനിയിലെ നിലവിലുള്ള സൈക്കിളിങ്ങിനും ട്രക്കിങ്ങിനും പുറമെ പുതിയ ട്രക്കിങ് റൂട്ടുകള്‍ തുറക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ചിമ്മിനി ഡാം ടൂറിസത്തിലെ ഡെസ്റ്റിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി ടൂറിസം ഫണ്ടും എം.എല്‍.എ. ഫണ്ടും സംയുക്തമായി വിനിയോഗിച്ച് ചിമ്മിനി ടൂറിസം പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ഇറിഗേഷന്‍ വകുപ്പ് ചിമ്മിനി ഡാം ടൂറിസവുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പുമായി ചേര്‍ന്ന് പുതിയ ഡി.പി.ആര്‍. തയാറാക്കും.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, വനംവകുപ്പ്, ഇറിഗേഷന്‍, ഡി.ടി.പി.സി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios