Asianet News MalayalamAsianet News Malayalam

'ഇതിലും വലിയ പൊള്ളല്‍ സുഖപ്പെടുത്തും, ധൈര്യമായി ഇറക്കൂ', വാക്കിൽ ഇല്ലാതായത് കുരുന്നുജീവൻ, അച്ഛനും അറസ്റ്റിൽ

മൂന്ന് വയസുകാരന് മതിയായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പനമരം പോലീസ് അറസ്റ്റ് ചെയ്തു

Panamaram police arrested the child s father and  who treated him in three year old boy died due to lack of adequate treatment
Author
First Published Jul 6, 2024, 8:37 PM IST | Last Updated Jul 6, 2024, 8:37 PM IST

കല്‍പ്പറ്റ: ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് പൊള്ളലേറ്റ മൂന്ന് വയസുകാരന് മതിയായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പനമരം പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവായ അഞ്ചുകുന്ന് വൈശ്യമ്പത്ത് വീട്ടില്‍ വി.എ. അല്‍ത്താഫ്(45), വൈദ്യന്‍ കമ്മന ഐക്കരക്കുടി വീട്ടില്‍ ജോര്‍ജ് (68) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്്റ്റ് ചെയ്തത്. മന:പൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുള്ളത്. യഥാസമയം ശരിയായ ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടുമായിരുന്ന കുട്ടിയെ അശാസ്ത്രീയ ചികിത്സ നടത്തുകയായിരുന്നു വൈദ്യന്‍ ജോര്‍ജ്.  കൃത്യമായ ചികിത്സക്ക് എത്തിക്കാതിരുന്ന പിതാവിന്റെ ഉദാസീനതയും കുഞ്ഞിന്റെ മരണത്തിന് കാരണമായതായി പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ചെത്തിയ പനമരം സി.എച്ച്.സിയിലെ ഉദ്യോഗസ്ഥരെയും പോലീസിനെയും പിതാവ് കുട്ടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വിംസിലേക്ക് വിളിച്ച് യാഥാര്‍ത്ഥ്യം മനസിലാക്കിയ പനമരം പോലീസ് വീണ്ടുമെത്തിയാണ് ഗുരുതര അവസ്ഥയിലായ കുട്ടിയെ നിര്‍ബന്ധപൂര്‍വം ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ മാസം ഒമ്പതാം തീയ്യതി ഉച്ചയോടെയായിരുന്നു ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിക്ക് പൊള്ളലേറ്റത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുട്ടിയെ അവിടെ പീഡിയാട്രിക്ക് സര്‍ജന്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. കുട്ടിക്ക് ഫസ്റ്റ് ഡിഗ്രി പൊള്ളലാണ് ഉള്ളതെന്നും, പീഡിയാട്രിക് സര്‍ജന്റെ അടുത്തെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചാണ് ഡോക്ടര്‍ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തത്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് 108 ആംബുലന്‍സ് സൗകര്യം വേണ്ടെന്ന് എഴുതി കൊടുത്ത് പിതാവ് കുട്ടിയെ സ്വകാര്യ ആംബുലന്‍സില്‍ കമ്മനയിലെ വൈദ്യന്റെ അടുത്തെത്തിക്കുകയായിരുന്നു. ഓക്സിജന്‍ മാസ്‌കും, ഐ.വി ഫ്ളൂയിഡും ഊരി മാറ്റിയാണ് കുട്ടിയെ വൈദ്യനെ കാണിച്ചത്.

 'ഇതിലും വലിയ പൊള്ളല്‍ ഞാന്‍ സുഖപ്പെടുത്തിയിട്ടുണ്ട്, ധൈര്യമായി ഇറക്കിക്കോ' എന്ന വൈദ്യന്റെ വാക്കുകളില്‍ വിശ്വസിച്ച് പിതാവ് വൈദ്യന്റെ ചികിത്സ സ്വീകരിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിച്ചും അശാസ്ത്രീയ ചികിത്സ തുടര്‍ന്നു. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും അവിടെ എത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അസുഖവിവരം അന്വേഷിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരോടും പൊലീസിനോടും വിംസില്‍ ചികിത്സിക്കുന്നുണ്ടെന്ന് അറിയിച്ച് പിതാവ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സത്യം മനസിലാക്കി വീണ്ടുമെത്തിയ  പോലീസ് 108 ആംബുലന്‍സ് വിളിച്ച് കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് വീണ്ടും കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആന്തരിക അവയവങ്ങളില്‍ കടുത്ത ന്യൂമോണിയ ബാധിച്ചാണ് 20ന് കുട്ടി മരണപ്പെടുന്നത്.

വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബിയുടെ പ്രതികാര നടപടി: മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഉപഭോക്താക്കൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios