തേക്ക് മുറിക്കുന്നതിനിടെ സ്ട്രോക്ക്, 49കാരനെ മരത്തിൽകെട്ടിവച്ച് സഹായി, രക്ഷകരായി അഗ്നിശമന സേന
മരം മുറിക്കുമ്പോൾ സ്ട്രോക്ക് വന്ന 49കാരനെ മരത്തിൽ കെട്ടിവച്ച് സഹായി. പിന്നാലെ വിളിച്ചത് ഫയർ ഫോഴ്സിനെ. അപകടം കൂടാതെ താഴെയിറക്കി ആശുപത്രിയിലെത്തിച്ച് സേന
പത്തനംതിട്ട: പത്തനംതിട്ടയിലെ വള്ളിക്കോട് കോട്ടയത്ത് അന്തിച്ചന്ത ജംഗ്ഷനിൽ ഉള്ള സ്വകാര്യ സ്ഥാപനത്തിന്റെ കോംപൌണ്ടിൽ നിന്ന് തേക്ക് മുറിക്കുന്നതിനിടെ 49കാരന് സ്ട്രോക്ക്. ഇടതുവശം സ്ടോക്ക് വന്ന് അവശനിലയിലായ 49കാരനെ സഹായി വീണ് പോകാതിരിക്കാനായി മരത്തിൽ വച്ചു കെട്ടി. 49കാരനെ മരത്തിൽ നിന്ന് ഇറക്കി രക്ഷകരായി പത്തനംതിട്ടയിലെ അഗ്നിശമനാ സേന.
എൻ ജെ സ്പൈസെസ് എന്ന സ്ഥാപനത്തിന്റെ സമീപമുള്ള തേക്ക് മരമായിരുന്നു കോന്നി കുമ്മണ്ണൂർ സ്വദേശിയായ തടത്തരികത്തുചരിവ് കാലായിൽ ജലീലും സഹായി മലയാലപ്പുഴ സ്വദേശി പ്രസാദും ചേർന്ന് മുറിച്ചുകൊണ്ടിരുന്നുത്. പെട്ടന്ന് ജലീലിന് ദേഹാസ്വസ്ഥ്യം നേരിടുകയായിരുന്നു. ഇടത് ഭാഗം സ്ട്രോക്ക് അനുഭവപ്പെട്ട് വീഴാൻ പോയ ജലീലിനെ പ്രസാദ് മരത്തിലേക്ക് തന്നെ പിടിച്ച് കെട്ടുകയായിരുന്നു.
പിന്നാലെ വിവരം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ പി ദില്ലു, എസ് സതീശൻ, എസ്. ശ്രീകുമാർ,എന്നിവർ മരത്തിനു മുകളിൽ കയറുകയും അതിസാഹസികമായി ജലീലിനെ റെസ്ക്യൂ നെറ്റ് ൽ കയറ്റുകയും മറ്റു സേനങ്ങങ്ങളുടെ സഹായത്താൽ രക്ഷപ്പെടുത്തി താഴെ എത്തിക്കുകയുമായിരുന്നു. ഇയാളെ സേനയുടെ തന്നെ ജീപ്പിൽ പത്തനംതിട്ട സർക്കാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം