മലിനീകരണതോത് കൂടിയെന്ന് പ്രകൃതിയുടെ മുന്നറിയിപ്പ്; തൃശൂര്‍ കോള്‍പാടത്ത് ചങ്ങാതിത്തുമ്പികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
മലിനീകരണം അനിയന്ത്രിതമായെന്ന സൂചനകളുമായി ചങ്ങാതിത്തുമ്പികളുടെ വന്‍തോതിലുള്ള സാന്നിധ്യവുമായി തൃശൂര്‍-പൊന്നാനി കോള്‍മേഖല. പക്ഷിനിരീക്ഷണ കൂട്ടായ്മയായ കോള്‍ബേഡേഴ്‌സ് കളക്റ്റീവ്, കേരള കാര്‍ഷിക സര്‍വ്വകലാശാല, കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ഡ്രാഗണ്‍ഫ്‌ലൈസ് ഓഫ് കേരള ഫേസ്ബുക്ക് ഗ്രൂപ്പ്, കേരള വനം വകുപ്പ് എന്നിവരുടേ സഹകരണത്തോടെ നടന്ന പ്രഥമ തുമ്പി സര്‍വെയിലാണ് കോള്‍മേഖലയിലെ മലിനീകരണം ആപത്കരമാം വിധമാണെന്ന് വിലയിരുത്തപ്പെട്ടത്.
തൃശൂര്‍: മലിനീകരണം അനിയന്ത്രിതമായെന്ന സൂചനകളുമായി ചങ്ങാതിത്തുമ്പികളുടെ വന്‍തോതിലുള്ള സാന്നിധ്യവുമായി തൃശൂര്‍-പൊന്നാനി കോള്‍മേഖല. പക്ഷിനിരീക്ഷണ കൂട്ടായ്മയായ കോള്‍ബേഡേഴ്‌സ് കളക്റ്റീവ്, കേരള കാര്‍ഷിക സര്‍വ്വകലാശാല, കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ഡ്രാഗണ്‍ഫ്‌ലൈസ് ഓഫ് കേരള ഫേസ്ബുക്ക് ഗ്രൂപ്പ്, കേരള വനം വകുപ്പ് എന്നിവരുടേ സഹകരണത്തോടെ നടന്ന പ്രഥമ തുമ്പി സര്‍വെയിലാണ് കോള്‍മേഖലയിലെ മലിനീകരണം ആപത്കരമാം വിധമാണെന്ന് വിലയിരുത്തപ്പെട്ടത്.
മലിന ജലത്തില്‍ മുട്ടയിട്ടു വളരുന്ന തുമ്പി വര്‍ഗമാണ് ചങ്ങാതിത്തുമ്പി (Brachythemis contaminata). പക്ഷിനിരീക്ഷണ സര്‍വെകള്‍ സ്ഥിരമായി നടക്കാറുണ്ടെങ്കിലും കോള്‍മേഖലയിലെ തുമ്പിസര്‍വെ ഇതാദ്യമാണ്. അത്യപൂര്‍വ്വമായ പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍ (Platylestes platystylus) ഉള്‍പ്പെടെ 31 ഇനം തുമ്പികളെ കണ്ടെത്തി.സര്‍വ്വേ നടത്തിയ എല്ലാ സ്ഥലങ്ങളിലും ദേശാടനതുമ്പിയായ തുലാത്തുമ്പിയുടെ വലിയ കൂട്ടങ്ങളെയും കണ്ടെത്തി.
മകുടിവാലന്‍ തുമ്പി (Grizzled Pintail ), പാണ്ടന്‍ വയല്‍തെയ്യന്‍(Urothemis signata), ചെമ്പന്‍ തുമ്പി ( Rhodothemis rufa), ഓണത്തുമ്പി (Rhyothemis variegata),വയല്‍ത്തുമ്പി (Scarlet skimmer) എന്നീ കല്ലന്‍ തുമ്പികളെയും ധാരാളമായികാണാന്‍ കഴിഞ്ഞു.സൂചിത്തുമ്പികളുടെ എണ്ണം വളരെ കുറവാണ്.
തൃശൂരിലെ തൊമ്മാന മുതല്‍ ബിയ്യം കായല്‍ വരെയുള്ള വിവിധ കോള്‍പ്പാടശേഖരങ്ങളില്‍ 10 ടീമുകളായി 70 ഓളം പക്ഷി-തുമ്പി നിരീക്ഷകര്‍ പങ്കെടുത്തു. തുമ്പിഗവേഷകരായ ജീവന്‍ ജോസ്, റെയ്‌സന്‍ തുമ്പൂര്‍, മുഹമ്മദ് ഷെറീഫ്, സുജിത്ത് വി.ഗോപാലന്‍, ഉണ്ണി പട്ടാഴി, സിജി.പി.കെ, രഞ്ജിത്ത്, ഗീത പോള്‍, നൈനാന്‍, വിവേക് ചന്ദ്രന്‍, മാക്‌സിം, രവീന്ദ്രന്‍ കെ.സി, അജിത്ത് ജോണ്‍സന്‍ തുടങ്ങിയവര്‍ സര്‍വെ നയിച്ചു.
കോളിലെ വാര്‍ഷിക സര്‍വെക്ക് മുന്നോടിയായി നടന്ന പ്രീ-എഡബ്ലിയുസി കോള്‍ ബേഡ് കൗണ്ടില്‍ 115 സ്പീഷ്യസ്സുകളിലായി പതിനായിരത്തിലേറെ പക്ഷികളെ ഡോക്യുമെന്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ചെന്നീലിക്കാളി (Agropsar sturninus) ഉപ്പുങ്ങല്‍ കോള്‍മേഖലയിലാണ് കണ്ടെത്തിയത്. 2015ല്‍ വെള്ളായിക്കായലിനു ശേഷം ഇത് രണ്ടാം തവണയാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
സ്ഥിരം നീര്‍പക്ഷികളെക്കൂടാതെ വലിയ രാജഹംസം (Greater flamingo), കായല്‍ പുള്ള് (Peregrine falcon), പാടക്കുരുവി (Paddyfield warbler), കരിവാലന്‍ പുല്‍ക്കുരുവി (Pallas's grasshopper warbler), വലിയ പുള്ളിപ്പരുന്ത് (Greater spotted eagle) തുടങ്ങിയ പക്ഷികളെയും പക്ഷിനിരീക്ഷകര്‍ക്ക് കണ്ടെത്താനായി. ജനകീയ പൗരശാസ്ത്ര (സിറ്റിസണ്‍ സയന്‍സ്) പ്ലാറ്റ്‌ഫോം ആയ ഇ-ബേഡ് ഉപയോഗിച്ച് ഡിജിറ്റല്‍ സ്വഭാവത്തിലായിരുന്നു സര്‍വെ. തുടര്‍ന്ന് വെള്ളാനിക്കരയിലെ കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രത്തില്‍ ഇതുസംബന്ധിച്ച സെമിനാറും സംഘടിപ്പിച്ചു. പ്രശസ്ത തുമ്പി ശാസ്ത്രജ്ഞന്‍ ഡോ. ഫ്രാന്‍സി കാക്കശ്ശേരി ഉത്ഘാടനം ചെയ്ത സെമിനാറില്‍ ഡോ. പി.ഒ നമീര്‍ അധ്യക്ഷനായിരുന്നു.
- Brachythemis contaminata
- ചങ്ങാതിത്തുമ്പി
- Platylestes platystylus
- പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍
- മകുടിവാലന്‍ തുമ്പി
- Grizzled Pintail
- പാണ്ടന്‍ വയല്‍തെയ്യന്‍
- Urothemis signata
- ചെമ്പന്‍ തുമ്പി
- Rhodothemis rufa
- ഓണത്തുമ്പി
- Rhyothemis variegata
- വയല്‍ത്തുമ്പി
- Scarlet skimmer
- കോള്‍പാടം
- Kole Wetlands
- thrissur
- തൃശ്ശൂര്‍
- Nature
- പ്രകൃതി