'വേദനിപ്പിച്ചത് കുപ്രചരണങ്ങൾ'; അനുഭവം പറഞ്ഞ് ഇടുക്കിയിലെ ആദ്യ കൊവിഡ് രോഗി
ഓൺലൈനിലും വാട്സ്ആപ്പിലും തന്നെപ്പറ്റി വന്ന കുപ്രചരാണങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്ന് ഇടുക്കിയിലെ ആദ്യ കൊവിഡ് രോഗി ഗിരീഷ് വാസു
ഇടുക്കി: ഓൺലൈനിലും വാട്സ്ആപ്പിലും തന്നെപ്പറ്റി വന്ന കുപ്രചരാണങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്ന് ഇടുക്കിയിലെ ആദ്യ കൊവിഡ് രോഗി ഗിരീഷ് വാസു. മൂന്ന് മാസം മുമ്പ് കൊവിഡ് മുക്തനായ തൊടുപുഴ സ്വദേശി ഗിരീഷിപ്പോൾ മരപ്പണിയക്ക് പോവുകയാണ്.
ഗൾഫിൽ നിന്ന് ലീവിന് നാട്ടിലെത്തിയതായിരുന്നു ഗിരീഷ്. വന്നയുടൻ വീട്ടിൽ നിരീക്ഷണത്തിനായി. രോഗലക്ഷങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാർച്ച് 25ന് കൊവിഡ് പോസിറ്റീവെന്ന് തെളിഞ്ഞു. തുടർന്ന് ആബുലൻസിൽ ആശുപത്രിയിലേക്ക്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ആംബുൻസിന്റെ വീഡിയോ എടുത്ത് കുപ്രചരണം തുടങ്ങിയെന്ന് ഗിരീഷ് പറയുന്നു. മദ്യപിച്ചെന്നും കറങ്ങിനടന്നെന്നും തുടങ്ങിയായിരുന്നു പ്രചാരണങ്ങളെന്ന് ഗിരീഷ് പറഞ്ഞു.
രോഗം വന്ന് മാറിയതിനാൽ ഗിരീഷിപ്പോൾ നാട്ടിൽ കൊവിഡ് സ്പെഷ്യലിസ്റ്റാണ്. ഓരോ ദിവസവും സംശയം ചോദിക്കാനെത്തിയവർ നിരവധി. ദുബൈയിലെ ഹോട്ടലിൽ അക്കൗണ്ടന്‍റാണ് ഗിരീഷ്. ദുബൈയിലേക്ക് തിരിച്ച് പോകാൻ വിമാനമില്ലാത്തതിനാൽ തത്കാലം എട്ട് വർഷം മുമ്പ് ചെയ്തിരുന്ന മരപ്പണിക്ക് സുഹൃത്തുക്കൾക്കൊപ്പം കൂടിയിരിക്കുകയാണ്. കൊവിഡ് സംശയിക്കുന്നവരോട് ഗിരീഷിന് പറയാനുള്ളത് ഒന്ന് മാത്രം. സാമൂഹിക അകലം പാലിക്കുക ടെസ്റ്റ് നടത്തുക.