അരയിലും സ്കൂട്ടറിലും 'നെപ്പോളിയനും മക്ഡോവല്‍സും'; ഡ്രൈ ഡേ മുതലാക്കി മദ്യക്കച്ചവടം, ഒരാള്‍ അറസ്റ്റില്‍
എലത്തൂർ റെയിൽവേ അണ്ടർ പാസിന് സമീപത്ത് വെച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പല തവണകളായി ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങി ശേഖരിച്ച് ഡ്രൈ ഡേ ദിവസം വില്‍ക്കുകയാണ് പ്രതി ചെയ്തിരുന്നത്
കോഴിക്കോട്: ബിവറേജ് അവധി ദിവസങ്ങളിൽ അനധികൃത മദ്യക്കച്ചവടം നടത്തിയയാള്‍ അറസ്റ്റില്‍. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എ ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എലത്തൂർ സ്വദേശി ആശാരിപ്പുരക്കൽ ഷിനോജ് (50)ആണ് അറസ്റ്റിലായത്. പന്ത്രണ്ട് കുപ്പി നെപ്പോളിയൻ ബ്രാൻഡ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ചില്ലറ വിൽപ്പന നടത്തിയിരുന്ന മാക്ഡവൽസ് ബ്രാൻഡ് മദ്യവുമാണ് പിടിച്ചെടുത്തത്.
എലത്തൂർ റെയിൽവേ അണ്ടർ പാസിന് സമീപത്ത് വെച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പല തവണകളായി ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങി ശേഖരിച്ച് ഡ്രൈ ഡേ ദിവസം വില്‍ക്കുകയാണ് പ്രതി ചെയ്തിരുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാർ ഫോൺ ചെയ്ത് ആവശ്യപ്പെടുന്നതിനനുസരിച്ച് അവർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചു കൊടുക്കാറാണ് പതിവ്.
മൊത്തമായും ചില്ലറയായും വിൽപന നടത്താറുള്ള പ്രതിയുടെ സ്കൂട്ടറിലാണ് മദ്യം സ്റ്റോക്ക് ചെയ്യാറുള്ളത്. ചില്ലറ വിൽപ്പനയ്ക്കായുള്ളത് അരയിലാണ് വെയ്ക്കാറുള്ളത്. എലത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കോരപ്പുഴ ഭാഗങ്ങളിലും വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യമാണ് പൊലീസ് പിടികൂടിയത്. ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങുന്ന മദ്യം അഞ്ഞൂറ് മുതൽ അറുന്നൂറ് രുപവരെ ഈടാക്കിയാണ് വിൽപന നടത്തുന്നത്.
അവധി ദിവസങ്ങളിൽ അതിഥി തൊഴിലാളികൾക്കാണ് അറുന്നൂറ് രൂപ വരെ ഈടാക്കി വിൽപന നടത്തിയിരുന്നത്. പ്രതിക്കെതിരെ അബ്‍കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, എലത്തൂർ പൊലീസ് അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ ജയേഷ് വാര്യർ, സീനിയർ സിപിഓ രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
2019ൽ ബിജെപി തോറ്റ മണ്ഡലങ്ങളിലേക്ക് മോദിയെത്തുന്നു; വമ്പന്‍ മാസ്റ്റര്‍ പ്ലാനുമായി ബിജെപി