കുളിക്കാൻ പോയ 15കാരിയെ പുഴയിൽ കാണാതായെന്ന് കരുതി വ്യാപക തിരച്ചിൽ; ഒടുവിൽ കണ്ടെത്തിയത് ബസ് സ്റ്റാന്‍ഡിൽ നിന്ന്

അന്വേഷണം തുടരുന്നതിനിടെ പുലര്‍ച്ചെ മൂന്നു മണിയോടെ കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു വിളിയെത്തി. കുട്ടിയെ കണ്ടെത്തിയോ എന്ന് ചോദിച്ചായിരുന്നു കോള്‍.

malappuram missing case 15 year old girl found from perinthalmanna bus stand joy

മലപ്പുറം: പുഴയില്‍ കാണാതായി എന്നു കരുതിയ 15 വയസുകാരിയെ മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ബസ് സ്റ്റാന്‍ഡില്‍ നിന്ന്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൂത സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍ നിന്ന് കാണാതായത്.

അന്വേഷണത്തില്‍ വീടിനു സമീപത്തുള്ള തൂതപ്പുഴയിലെ വെട്ടിച്ചുരുക്ക് കുണ്ടുകടവില്‍ കുട്ടിയുടെ വസ്ത്രങ്ങളും വസ്ത്രങ്ങള്‍ കൊണ്ടുവന്ന ബക്കറ്റും കണ്ടെത്തി. ഇതോടെയാണ് കുട്ടിയെ പുഴയില്‍ കാണാതായി എന്ന് കരുതി തിരച്ചില്‍ ആരംഭിച്ചത്. അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും പെരിന്തല്‍മണ്ണയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദരുമടക്കം രാത്രി ഏറെ വൈകിയും തിരച്ചില്‍ തുടര്‍ന്നു. എന്നാല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ ബുധനാഴ്ച വീണ്ടും തിരയാനുള്ള തീരുമാനത്തോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചു. 

ഇതിനിടെ പുലര്‍ച്ചെ മൂന്നു മണിയോടെ കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു വിളിയെത്തി. കുട്ടിയെ കണ്ടെത്തിയോ എന്ന് ചോദിച്ചായിരുന്നു കോള്‍. വിളിച്ചത് 15കാരി തന്നെയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതോടെ പൊലീസിന്റെ അന്വേഷണം ആ വഴിക്കായി. വിളിച്ചത് തൃശൂര്‍ ബസ് സ്റ്റാന്‍ഡിലെ കടയിലെ നമ്പറില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കാണാതായ കുട്ടിയാണെന്ന് ഉറപ്പിച്ചു. പിന്നീട് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വൈദ്യപരിശോധനയ്ക്കു ശേഷം രക്ഷിതാക്കളോടൊപ്പം വിടുകയായിരുന്നു. 

വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ധരിച്ച വസ്ത്രം മാറി തൂത ടൗണിലെ കടയില്‍ നിന്ന് പുതിയ പര്‍ദ വാങ്ങി ധരിച്ചാണ് പോയത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും കണ്ടെത്തി. പിന്നീട് തൃശൂര്‍ ബസ് സ്റ്റാന്‍ഡിലെത്തി. അവിടെ നിന്നാണ് പുലര്‍ച്ചെ രക്ഷിതാക്കളെ വിളിച്ചത്. പിന്നീട് കണ്ണൂര്‍ ബസില്‍ കയറി കോഴിക്കോട്ടിറങ്ങി. അവിടെ നിന്നാണ് പെരിന്തല്‍മണ്ണയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

മസാലബോണ്ട് വാങ്ങിയത് ആരാണെന്ന് നോക്കുമ്പോൾ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടും, 14 കാര്യങ്ങൾ വിവരിച്ച് ചെന്നിത്തല 
 

Latest Videos
Follow Us:
Download App:
  • android
  • ios