വിജനമായ സ്ഥലം താവളമാക്കി സാമൂഹ്യ വിരുദ്ധർ, റെയ്ഡിനെത്തിയപ്പോൾ കല്ലേറ്, വാഹനങ്ങളും ആയുധങ്ങളും കണ്ടെത്തി
എക്സൈസ് സംഘം റെയ്ഡിനെത്തിയതോടെ ബുള്ളറ്റും മറ്റ് ഇരുചക്ര വാഹനങ്ങളും ആയുധങ്ങളും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട് സാമൂഹ്യ വിരുദ്ധർ
മാവേലിക്കര: വിജനമായ സ്ഥലത്ത് ലഹരിമരുന്ന് സംഘം താവളമാക്കി. എക്സൈസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് മാരകായുധങ്ങളും ലഹരി മരുന്നും. മാവേലിക്കര കണ്ണമംഗലം -ആറാട്ടുകുളം റോഡിൽ വിജനമായ സ്ഥലത്തായിരുന്നു സാമൂഹ്യ വിരുദ്ധർ താവളമാക്കിയത്. കഞ്ചാവ് ഉപയോഗിക്കാനായി നിരവധിപ്പേരാണ് ഇവിടെ എത്തിയിരുന്നത്. എക്സൈസ് സംഘം റെയ്ഡിനെത്തിയതോടെ ബുള്ളറ്റും മറ്റ് ഇരുചക്ര വാഹനങ്ങളും ഉപേക്ഷിച്ച് ഇവിടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.
മിന്നൽ പരിശോധനയിൽ കഞ്ചാവ് സൂക്ഷിച്ചിരുന്ന ബുള്ളറ്റും, സ്കൂട്ടറും, ബൈക്കും, മാരകായുധങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. വാഹനങ്ങളിൽ നിന്നും 39 ഗ്രാം കഞ്ചാവും, എസ് ആകൃതിയിലുള്ള ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി എസ് കൃഷ്ണരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘത്തെകണ്ട് കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്നവർ ഓടി രക്ഷപ്പെട്ടു.
ഓടുന്നതിനിടയിൽ എക്സൈസ് സംഘത്തിന് നേരെ അക്രമികൾ കല്ലുകൾ എറിഞ്ഞു പരിക്കേൽപ്പിക്കാനും ശ്രമം നടന്നിരുന്നു. കഞ്ചാവ് ഉപയോഗിച്ചവരെ പറ്റി വിവരം ലഭിച്ചതായും ഇവരെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ആരംഭിച്ചതായും എക്സൈസ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം