പ്രിയങ്ക പറന്നിറങ്ങിയപ്പോൾ ആവേശം; പക്ഷേ പോളിംഗ് കുറഞ്ഞു, പാളിയത് എവിടെയെന്ന് പരിശോധിക്കാൻ എഐസിസി
മികച്ച പോളിംഗ് പ്രതീക്ഷിച്ചിരുന്നതായി എഐസിസി വ്യക്തമാക്കുന്നു. പരമാവധി വോട്ടുകള്‍ പോള്‍ ചെയ്തെന്നാണ് വിലയിരുത്തുന്നത്. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്നും ഭൂരിപക്ഷത്തില്‍ അവകാശവാദങ്ങളില്ലെന്നും കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൽപ്പറ്റ: വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞത് പരിശോധിക്കാന്‍ എഐസിസി. പ്രിയങ്ക ഗാന്ധിയുടെ കന്നിമത്സരത്തില്‍ മികച്ച പോളിംഗ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മികച്ച പോളിംഗ് പ്രതീക്ഷിച്ചിരുന്നതായി എഐസിസി വ്യക്തമാക്കുന്നു. പരമാവധി വോട്ടുകള്‍ പോള്‍ ചെയ്തെന്നാണ് വിലയിരുത്തുന്നത്. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്നും ഭൂരിപക്ഷത്തില്‍ അവകാശവാദങ്ങളില്ലെന്നും കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി സംവിധാനം മുഴുവന്‍ വയനാട്ടിലുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വയനാടിനായി ദേശീയ നേതാക്കളും പ്രചാരണം നടത്തിയിരുന്നു. രാഹുല്‍ ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം വയനാട്ടില്‍ പ്രചാരണം നടത്തിയിരുന്നു പ്രിയങ്ക. ചെന്നിറങ്ങിയ ദിനം മുതല്‍ പ്രിയങ്കയെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഈ ഘടകകള്‍ക്കനുസരിച്ചുള്ള ആവേശം വോട്ടെടുപ്പിലും എഐസിസി പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം ഉയരുമെന്ന വിലയിരുത്തലിലായിരുന്നു ദേശീയ നേതൃത്വം. അവലോകന യോഗങ്ങളില്‍ സംസ്ഥാന നേതാക്കളും അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രിയങ്കയുടെ ഭൂരിപക്ഷം രാഹുലിന്‍റെ ഭൂരിപക്ഷത്തെ മറികടന്നേക്കുമെന്ന വിലയിരുത്തലുകളും പാര്‍ട്ടിക്ക് മുന്‍പിലുണ്ട്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ പത്ത് ശതമാനം പോളിംഗ് കുറഞ്ഞത് അപ്രതീക്ഷിതമായി. പാര്‍ട്ടിയുടെയും മുന്നണിയുടെയും വോട്ടുകള്‍ പെട്ടിയിലായിട്ടുണ്ടെന്ന സംസ്ഥാന ഘടകത്തിന്‍റെ റിപ്പോര്‍ട്ട് മുഖവിലക്കെടുത്തിരിക്കുകയാണ് എഐസിസി.
കഴിഞ്ഞ തവണത്തേത് പോലുള്ള ആവേശം ഇക്കുറി മത്സരരംഗത്ത് പ്രകടമല്ലായിരുന്നുവെന്നാണ് വിലയിരുത്തല്‍. ദേശീയ നേതാവായ ആനി രാജ കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍ ഇടത് പക്ഷം ശ്രമിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ചത് ബിജെപിയും വാശിയോടെ കണ്ടു. ഇത്തവണ എതിര്‍സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായിരുന്നതിനാല്‍ ഇടത് പക്ഷത്തിന്‍റെയും, ബിജെപിയുടെയും വോട്ടുകളില്‍ കുറവ് വന്നിട്ടുണ്ടാകാമെന്നാണ് എഐസിസി വാദിക്കുന്നത്. അതിനപ്പുറം പ്രാദേശിക തലത്തില്‍ എന്തെങ്കിലും തിരിച്ചടിയുണ്ടായിട്ടുണ്ടോയെന്ന കാര്യം ഫലം വന്ന ശേഷം വിലയിരുത്തുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
ഇടുക്കിയിൽ ജലവിമാനമിറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിൽ; വനംവകുപ്പിൻ്റെ കത്ത് പുറത്ത്
https://www.youtube.com/watch?v=Ko18SgceYX8